ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണിക്ക് നല്‍കിയതിനെതിരെ ജോസഫ് വിഭാഗം ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി. ചിഹ്നം ജോസിന് നല്‍കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കണം എന്നതായിരുന്നു ജോസഫിന്റെ ആവശ്യം.
എന്നാല്‍ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജോസഫ് വിഭാഗം നേതാവ് പി.സി കുര്യാക്കോസാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണം എന്നും സുപ്രീം കോടതിയില്‍ ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം എല്‍ഡിഎഫിലേക്ക് വന്ന ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ ചോദ്യം ചെയ്ത് പി.ജെ ജോസഫ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോട് യോജിക്കുകയാണ് ചെയ്തത്.
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പി.ജെ ജോസഫ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ജോസഫിന് രണ്ടില ചിഹ്നം നിഷേധിക്കുകയായിരുന്നു. ഇതോടെ ഈ തെരഞ്ഞെടുപ്പില്‍ ചെണ്ട ചിഹ്നത്തിലാകും പി ജെ ജോസഫ് വിഭാഗം മത്സരിക്കുകയെന്നത് ഉറപ്പായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.