തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും തീവ്രമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് വെള്ളിയാഴ്ച കളക്ടര്‍മാര്‍ മുന്‍കരുതല്‍ നടപടിയായി അവധി നല്‍കിയത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോട്ടയം ജില്ലയിലും ഇന്ന് റെഡ് അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുന്നതിനാല്‍ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. എന്നാല്‍ കോട്ടയത്ത് മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
അതിശക്തമായ മഴയെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും പല സ്‌കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആലപ്പുഴ ജില്ലയില്‍ അവധി നല്‍കിയത്. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയതായി ജില്ലാ കളക്ടര്‍ ഷാജി വി. നായര്‍ അറിയിച്ചു. ജില്ലയില്‍ മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ സാധാരണ പോലെ നടക്കും.
വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, മതപഠന ക്ലാസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. എന്നാല്‍ റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് ഈ അവധി ബാധകമല്ല. അവിടുത്തെ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള്‍ കര്‍ശനമായി ഉറപ്പ് വരുത്തേണ്ടതുണ്ട്.
ഇന്നും നാളെയും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കാസര്‍കോട് ജില്ലയില്‍ മുന്‍കരുതലായി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെങ്കിലും സര്‍വകലാശാല പരീക്ഷകള്‍, പൊതു പരീക്ഷകള്‍, മുന്‍കൂട്ടി നിശ്ചയിച്ച അഭിമുഖങ്ങള്‍ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.