വത്തിക്കാൻ യൂറോ നാണയങ്ങളിൽ മാർപാപ്പയുടെ മുഖചിത്രം വീണ്ടും; ചരിത്രമെഴുതി ലിയോ പതിനാലാമൻ പാപ്പ

വത്തിക്കാൻ യൂറോ നാണയങ്ങളിൽ മാർപാപ്പയുടെ മുഖചിത്രം വീണ്ടും; ചരിത്രമെഴുതി ലിയോ പതിനാലാമൻ പാപ്പ

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ ചിത്രം പതിപ്പിച്ച പുതിയ സ്മരണാർഥ യൂറോ നാണയശേഖരം വത്തിക്കാൻ പുറത്തിറക്കി. 2014 ന് ശേഷം ആദ്യമായാണ് ഒരു മാർപാപ്പയുടെ മുഖചിത്രം വത്തിക്കാൻ യൂറോ നാണയങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പുതിയ മാർപാപ്പയോടുള്ള ആദരസൂചകമായാണ് നാണയങ്ങൾ പുറത്തിറക്കുന്നതെന്ന് വത്തിക്കാൻ ഗവേണറേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

മുൻ മാർപാപ്പ ഫ്രാൻസിസ് തന്റെ ചിത്രം നാണയങ്ങളിൽ ഉൾപ്പെടുത്തരുതെന്ന് അഭ്യർഥിച്ചതിനെ തുടർന്ന് 2017 മുതൽ വത്തിക്കാൻ പുറത്തിറക്കിയ നാണയങ്ങളിൽ മാർപാപ്പമാരുടെ മുഖചിത്രങ്ങൾക്ക് പകരം അവരുടെ ഔദ്യോഗിക മുദ്രകളാണ് ഉപയോഗിച്ചിരുന്നത്.

പുതിയ കളക്ടർ കോയിൻ സെറ്റിലെ നാണയങ്ങളുടെ രൂപകൽപനയും ശ്രദ്ധേയമാണ്. 1, 2, 5 സെന്റ് നാണയങ്ങളിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ ഔദ്യോഗിക മുദ്രയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന മൂല്യമുള്ള യൂറോ നാണയങ്ങളിൽ മാർപാപ്പയുടെ മുഖചിത്രം വ്യക്തമായി പതിപ്പിച്ചിട്ടുണ്ട്. അഞ്ച് യൂറോയുടെ പ്രത്യേക സ്മരണാർഥ നാണയം ഒഴികെയുള്ള നാണയങ്ങൾ യൂറോ കറൻസി ഉപയോഗിക്കുന്ന യൂറോപ്യൻ യൂണിയനിലെ 21 അംഗരാജ്യങ്ങളിൽ സാധാരണ വിനിമയത്തിന് ഉപയോഗിക്കാനാകും.

മധ്യകാലഘട്ടം മുതൽ വത്തിക്കാൻ ഭരണാധികാരികളായ മാർപാപ്പമാരുടെ ചിത്രങ്ങൾ നാണയങ്ങളിൽ പതിപ്പിക്കുന്ന പാരമ്പര്യമുണ്ട്. 1929ൽ വത്തിക്കാൻ സിറ്റി സ്വതന്ത്രരാജ്യമായതിനു ശേഷവും ഇറ്റാലിയൻ ലിറ നാണയങ്ങളിൽ മാർപാപ്പമാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് യൂറോ കറൻസി നിലവിൽ വന്നപ്പോഴും ഈ പാരമ്പര്യം തുടർന്നു.

യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ കണക്കനുസരിച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ചിത്രം പതിപ്പിച്ച വത്തിക്കാന്റെ ആദ്യ യൂറോ നാണയങ്ങൾ 2002ലാണ് പുറത്തിറങ്ങിയത്. തുടർന്ന് 2006 മുതൽ 2013 വരെ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ ചിത്രമുള്ള നാണയങ്ങളും പുറത്തിറങ്ങി.

നീണ്ട ഇടവേളയ്ക്കുശേഷം ലിയോ പതിനാലാമൻ മാർപാപ്പയുടെ മുഖചിത്രം പതിപ്പിച്ച നാണയങ്ങൾ പുറത്തിറങ്ങിയതോടെ നാണയശേഖരകരിലും ആഗോള കത്തോലിക്കാ സമൂഹത്തിലും പുതിയ ശേഖരത്തിന് വലിയ ശ്രദ്ധ ലഭിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.