കീവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കരിങ്കടല്‍ തീരത്തുള്ള അതിസുരക്ഷാ കൊട്ടാരത്തിന് സംരക്ഷണമൊരുക്കിയിരുന്ന വ്യോമപ്രതിരോധ സംവിധാനം ഉക്രെയ്ന്‍ സേന ഡ്രോണാക്രമണത്തിലൂടെ തകര്‍ത്തു. തെക്കന്‍ റഷ്യയിലെ ഗെലെന്‍ഷിഡ്കിലുള്ള കൊട്ടാരത്തില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ സ്ഥാപിച്ചിരുന്ന രണ്ട് എസ്-400 മിസൈല്‍ വിക്ഷേപിണികളാണ് ഉക്രെയ്ന്‍ തര്‍ത്തത്. വിമാനങ്ങളും ഡ്രോണുകളും ക്രൂസ് മിസൈലുകളും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഈ സംവിധാനത്തില്‍ നിന്ന് ഓഗസ്റ്റ് എട്ടിന് ഉക്രെയ്ന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് ആറ് മിസൈലുകള്‍ തൊടുത്തിരുന്നതായി ഉക്രെയ്ന്‍ ഡ്രോണ്‍ സേനാ കമാന്‍ഡര്‍ മേജര്‍ റോബര്‍ട്ട് ബ്രോവ്ഡി വ്യക്തമാക്കി.
ഇറ്റാലിയന്‍ വാസ്തുവിദ്യാ ശൈലിയില്‍ 13000 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ ആഡംബര വസതി പുടിന്റെ കൊട്ടാരം എന്ന പദവിയിലാണ് അറിയപ്പെടുന്നത്. അന്തരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷന്‍ 2021 ല്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം കാസിനോ, സ്പാ, ഐസ് സ്‌കേറ്റിങ് റിങ്ക്, തിയേറ്റര്‍, ഹുക്ക ലോഞ്ച്, ചാപ്പല്‍ എന്നിവയടക്കം സര്‍വ സജ്ജീകരണങ്ങളും അടങ്ങിയതാണ് ഈ അതിസുരക്ഷാ വസതി. എന്നാല്‍ പുടിന്‍ ഇവിടെ അപൂര്‍വമായി മാത്രമേ എത്താറുള്ളൂവെന്നും മോസ്‌കോയ്ക്ക് സമീപമുള്ള വാല്‍ഡൈ തടാകക്കരയിലെ വസതിയിലാണ് അദേഹം കൂടുതലായും കഴിയുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കൊട്ടാരത്തിന് നേരെയുള്ള ആക്രമണത്തിന് പുറമേ, റഷ്യയിലെ പ്രധാന തുറമുഖ നഗരമായ നൊവോറോസിസ്‌കിലും ഉക്രെയ്ന്‍ ശക്തമായ ഡ്രോണ്‍-മിസൈല്‍ ആക്രമണം അഴിച്ചുവിട്ടു. കരിങ്കടല്‍ കപ്പല്‍പ്പടയുടെ പ്രധാന താവളമായ ഇവിടെ നടന്ന ആക്രമണത്തില്‍ രണ്ട് പ്രധാന ധാന്യ കയറ്റുമതി ടെര്‍മിനലുകള്‍ക്കും നാല് റഷ്യന്‍ യുദ്ധക്കപ്പലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ഉക്രെയ്ന്‍ അവകാശപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
തുറമുഖത്തെ പൈപ്പ്ലൈനുകള്‍ തകര്‍ന്നതോടെ നഗരത്തില്‍ ജലവിതരണം തടസപ്പട്ടു. കരിങ്കടല്‍ വഴിയുള്ള ചരക്കുനീക്കം അപകടത്തിലായതോടെ, ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതിക്കാരായ റഷ്യ തങ്ങളുടെ ധാന്യ ചരക്ക് നീക്കം ബാള്‍ട്ടിക്, കാസ്പിയന്‍ തുറമുഖങ്ങളിലേക്കും കരമാര്‍ഗത്തിലേക്കും തിരിച്ചുവിടാന്‍ തുടങ്ങി. കരിങ്കടല്‍ മേഖലയില്‍ യുദ്ധം രൂക്ഷമാകുന്നത് ആഗോള ഭക്ഷ്യ വിപണിയെയും റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെയും ഒരുപോലെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.