കൊച്ചി: ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശന വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു.
വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നാണ് വിവരം. സ്‌പോണ്‍സര്‍ വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ ഈ നടപടി.
മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സിയായ ഇ.ഡി ഇപ്പോള്‍ വിവര ശേഖരണവും പ്രാഥമിക പരിശോധനയും ആരംഭിച്ചിട്ടുള്ളത്.
മെസിയെ കൊണ്ടുവരുന്നതിനായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആര്‍ബിസി) വിദേശത്തേക്ക് കോടിക്കണക്കിന് രൂപ കൈമാറിയതായി നേരത്തെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് പണം നല്‍കിയതെന്നാണ് കമ്പനി ഉടമകള്‍ പറയുന്നത്.
എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള പണം വിദേശത്തേക്ക് പോയതില്‍ ചട്ട ലംഘനമുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. ഇതില്‍ വ്യക്തത വരുന്ന മുറയ്ക്ക് ഫെമ നിയമപ്രകാരം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.
വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇ.ഡി ഔദ്യോഗികമായി ആവശ്യപ്പെട്ടേക്കും. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള അന്വേഷണ വിവരങ്ങളും ഇ.ഡി ശേഖരിക്കുന്നുണ്ട്. വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ച കാര്യങ്ങള്‍ ആദായനികുതി വകുപ്പിന്റെ പരിധിയില്‍ വരുന്നതാണെങ്കിലും ആ വശവും ഇ.ഡിയുടെ പരിഗണനയിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.