എയര്‍ ഇന്ത്യ വിമാനം നാല് സെക്കന്‍ഡ് നിയന്ത്രണമില്ലാതെ പറന്നു; ബ്ലാക്ക് ബോക്സ് പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

എയര്‍ ഇന്ത്യ വിമാനം നാല് സെക്കന്‍ഡ് നിയന്ത്രണമില്ലാതെ പറന്നു; ബ്ലാക്ക് ബോക്സ് പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: യാത്രയ്ക്കിടെ മുന്നൂറ് അടി താഴ്ചയിലേക്ക് പതിച്ച എയര്‍ ഇന്ത്യയുടെ ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിന് നാല് സെക്കന്‍ഡ് നേരത്തേക്ക് സര്‍വ നിയന്ത്രണങ്ങളും നഷ്ടമായെന്ന് റിപ്പോര്‍ട്ട്.

വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. വിമാനത്തിന്റെ എലിവേറ്ററുകളും എയിലറോണുകളും സ്പോയിലറുകളും ഉള്‍പ്പെടെയുള്ള പ്രധാന നിയന്ത്രണങ്ങളാണ് പൂര്‍ണമായും ഒരേസമയം നഷ്ടപ്പെട്ടത്.

വിമാനത്തിന്റെ നിയന്ത്രണത്തില്‍ സുപ്രധാന പങ്കുള്ള ഹൈഡ്രോളിക് സംവിധാനങ്ങളുടെ അടക്കം നിയന്ത്രണം നഷ്ടപ്പെട്ടതു മൂലം അതീവ ഗുരുതരമായ സ്ഥിതിയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനത്തിന്റെ മുന്‍ഭാഗം മുകളിലേക്കും താഴേക്കുമാക്കാന്‍ സഹായിക്കുന്ന എലിവേറ്ററും ചിറകുകളെ ഇടത്തേക്കും വലത്തേക്കും തിരിയാന്‍ സഹായിക്കുന്ന എയിലറോണുകളും ലിഫ്റ്റ് കുറയ്ക്കുന്ന സ്പോയിലറുകളുമാണ് പൈലറ്റ് കമാന്‍ഡില്ലാതെ പ്രവര്‍ത്തിച്ചത്.

വിമാനത്തിന്റെ ഓട്ടോ പൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടുവെന്നും കോക്പിറ്റില്‍ മുന്നറിയിപ്പ് ലഭിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ കോ പൈലറ്റ് തന്റെ കണ്‍ട്രോള്‍ സ്റ്റിക് മുന്നോട്ട് നീക്കി വിമാനത്തിന്റെ നോസ് താഴ്ത്താന്‍ ശ്രമിച്ചു.

എന്നാല്‍ ഹൈഡ്രോളിക് സംവിധാനങ്ങള്‍ പൂര്‍വസ്ഥിതിയിലാകുന്നത് വരെ കോ പൈലറ്റിന്റെ നിയന്ത്രണം ഫലം കണ്ടില്ല. വിമാനത്തിന്റെ വേഗത കുറഞ്ഞ് പറക്കാനുള്ള ലിഫ്റ്റ് നഷ്ടമായപ്പോഴാണ് മുന്നറിയിപ്പ് ഉണ്ടാകുന്നത്. ഈ സമയത്തുണ്ടായ ഉലച്ചിലില്‍ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 24 പേര്‍ക്കാണ് പരിക്കേറ്റത്.

അതേസമയം വിമാനം അപകടത്തില്‍പ്പെട്ടത് പൈലറ്റ് ലഹരി ഉപയോഗിച്ചതിനെത്തുടര്‍ന്നാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ എയര്‍ ഇന്ത്യ ഡോപ് ടെസ്റ്റ് ആരംഭിച്ചു. അയ്യായിരത്തിലധികം പൈലറ്റുമാരിലാണ് പരിശോധന നടത്തുന്നത്. എയര്‍ ഇന്ത്യയ്ക്കൊപ്പം എയര്‍ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാര്‍ക്കും പരിശോധന നടത്തുന്നുണ്ട്.

പരിശോധനയ്ക്ക് വിധേയരാകാത്തവരെ മാറ്റി നിര്‍ത്തും. യാത്രക്കാരുടെ വിശ്വാസ്യതയാണ് വലിയ സമ്പത്തെന്ന് എയര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് അറിയിച്ചു. നിലവില്‍ എയര്‍ ഇന്ത്യയിലെ പത്ത് ശതമാനം ക്രൂ അംഗങ്ങളില്‍ മാത്രമാണ് വാര്‍ഷിക ലഹരി പരിശോധന നടക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.