അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സാമ്പത്തിക ഇടപാടിലെ ജിഎസ്ടി തട്ടിപ്പ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സാമ്പത്തിക ഇടപാടിലെ ജിഎസ്ടി തട്ടിപ്പ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

തിരുവനന്തപുരം: ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീനാ ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ജി.എസ്.ടി അടച്ചില്ലെന്ന കായിക വകുപ്പ് സെക്രട്ടറി എന്‍. പ്രശാന്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതേപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചു.

ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണര്‍ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസന്വേഷിക്കുന്നത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരേയാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. മറ്റു വകുപ്പുകളുടെ കൈവശമുള്ള രേഖകള്‍ വിളിച്ചു വരുത്തി പരിശോധിക്കാന്‍ സംഘത്തിന് അനുമതി നല്‍കി.

സര്‍ക്കാരിന് ജി.എസ്.ടി നഷ്ടമുണ്ടാക്കിയെന്നും പൊതുമുതല്‍ സ്വകാര്യ കമ്പനിയുടെ ലാഭത്തിനായി വിനിയോഗിച്ചെന്നുമുള്ള റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ മൂലധന ഉറവിടം, രജിസ്ട്രേഷന്‍ എന്നിവയെക്കുറിച്ചും അന്വേഷണമുണ്ടാകും. സംഭവത്തില്‍ നേരത്തേ കാഞ്ഞങ്ങാട് ജി.എസ്.ടി ഇന്റലിജന്‍സ് ഓഫീസ് കേസെടുത്തിരുന്നു.

216 കോടി വിദേശത്തേക്ക് കൈമാറിയതില്‍ 22.68 കോടി രൂപ ജി.എസ്.ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്. എന്നാല്‍ കേസെടുത്ത ഉദ്യോഗസ്ഥനെ മുന്‍ സര്‍ക്കാര്‍ സ്ഥലം മാറ്റുകയും കേസിലെ തുടര്‍നടപടി നിര്‍ത്തുകയും ചെയ്തു. യു.ഡി.എഫ് സര്‍ക്കാര്‍ ഈ കേസ് വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് കമ്പനി ചെയര്‍മാന്‍ ആന്റോ അഗസ്റ്റിനെ കാഞ്ഞങ്ങാട് ജി.എസ്.ടി ഓഫീസില്‍ വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.