നെല്‍ക്കര്‍ഷകരെ കണ്ണീരിലാഴ്ത്തി അനിശ്ചിതത്വം: താങ്ങുവില പ്രഖ്യാപനം വൈകുന്നു; കുടിശിക തീര്‍ക്കാതെ സര്‍ക്കാര്‍

നെല്‍ക്കര്‍ഷകരെ കണ്ണീരിലാഴ്ത്തി അനിശ്ചിതത്വം: താങ്ങുവില പ്രഖ്യാപനം വൈകുന്നു; കുടിശിക തീര്‍ക്കാതെ സര്‍ക്കാര്‍

ആലപ്പുഴ: ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷനും അപേക്ഷാ നടപടികളും പുരോഗമിക്കുമ്പോഴും സംഭരണ നയത്തിലും താങ്ങുവിലയിലും വ്യക്തത വരുത്താതെ സര്‍ക്കാര്‍ തുടരുന്ന മൗനം സംസ്ഥാനത്തെ നെല്‍ക്കര്‍ഷകരെ ആശങ്കയിലാക്കുന്നു. ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ കൃഷിച്ചെലവ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഉല്‍പാദനച്ചെലവിന് അനുസരിച്ചുള്ള തുക ലഭിക്കുമോയെന്ന കാര്യത്തില്‍ കര്‍ഷകര്‍ക്ക് യാതൊരു ഉറപ്പുമില്ല.

കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നെല്ലിന്റെ കുറഞ്ഞ താങ്ങുവില ക്വിന്റലിന് 72 രൂപ വര്‍ധിപ്പിച്ച് 2,441 രൂപയാക്കിയിരുന്നു. ഈ ആനുകൂല്യം സംസ്ഥാനത്തെ സംഭരണ വിലയില്‍ പ്രതിഫലിച്ചാല്‍ പോലും ക്വിന്റലിന് 3,072 രൂപ മാത്രമേ കര്‍ഷകന് ലഭിക്കൂ. അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും വരുത്തിവെയ്ക്കുന്ന കൂറ്റന്‍ സാമ്പത്തിക നഷ്ടവും കൂലിയുള്‍പ്പെടെയുള്ള ഉല്‍പാദനച്ചെലവിന്റെ വര്‍ധനവും കണക്കിലെടുക്കുമ്പോള്‍ ഈ തുക തികച്ചും അപര്യാപ്തമാണ്.

കൈകാര്യച്ചെലവായി നല്‍കുന്ന തുകയും നിലവിലെ യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ നെല്ലിന്റെ സംഭരണ വില കിലോയ്ക്ക് കുറഞ്ഞത് 35 രൂപയായി അതായത് ക്വിന്റലിന് 3,500 രൂപയായി ഉയര്‍ത്തണമെന്ന ശക്തമായ ആവശ്യമാണ് ഉയര്‍ന്നുവരുന്നത്. മറുവശത്ത് മുന്‍ സീസണിലെ കുടിശിക തീര്‍പ്പാക്കാത്തതും കര്‍ഷകരുടെ തോളില്‍ അധിക ഭാരമാകുകയാണ്. പുഞ്ച സീസണില്‍ സംഭരിച്ച നെല്ലിന്റെ വിലയിനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള 390 കോടിയോളം രൂപ ഓണക്കാലമായിട്ടും വിതരണം ചെയ്തിട്ടില്ല.

ബാങ്ക് വായ്പയായി തുക നല്‍കുന്ന നിലവിലെ രീതിയും കുടിശിക മാസങ്ങളോളം വൈകുന്നതും കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില ആനുകൂല്യം പൂര്‍ണമായും കര്‍ഷകരിലെത്തിക്കുക, പുഞ്ച സീസണിലെ കുടിശിക ഓണത്തിന് മുന്‍പ് പൂര്‍ണമായി വിതരണം ചെയ്യുക, നെല്ല് സംഭരണത്തിനും തുക വിതരണത്തിനുമായി ബാങ്ക് വായ്പാ ആശ്രയമില്ലാത്ത സ്ഥിര സംവിധാനവും റിവോള്‍വിങ് ഫണ്ടും രൂപവല്‍ക്കരിക്കുക എന്നിവ അടിയന്തരമായി നടപ്പിലാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഒപ്പം താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.