വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗ വിവാഹങ്ങള്‍ ആശീര്‍വദിക്കാന്‍ കത്തോലിക്ക സഭയ്ക്ക് അധികാരമില്ലെന്നും അത്തരം ആശീര്‍വാദങ്ങളെ സാധുവായി പരിഗണിക്കാനാവില്ലെന്നും വത്തിക്കാനിലെ വിശ്വാസതിരുസംഘം. വിശ്വാസസത്യവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട സംശയത്തിനുള്ള (ഡുബിയം) മറുപടിയിലാണ് ഇക്കാര്യം വത്തിക്കാന്‍ വിശ്വാസതിരുസംഘം വ്യക്തമാക്കിയത്. ഇതോടെ സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട് സഭയില്‍ ഉടലെടുത്ത ആശയക്കുഴപ്പങ്ങള്‍ക്ക് വിരാമമായി.
ഫ്രാന്‍സിസ് പാപ്പയുടെ അനുമതിയോടെയാണ്, ഇക്കാര്യം വിശദീകരണ കുറിപ്പ് സഹിതം വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ചത്. തിരുസംഘം തലവന്‍ കര്‍ദിനാള്‍ ലൂയിസ് ലഡാരിയും സെക്രട്ടറി ജിയാകോമോ മൊറാന്‍ഡിയുമാണ് ഇതില്‍ ഒപ്പുവെച്ചിരിക്കുന്നത്.
കുടുംബങ്ങളെക്കുറിച്ചുള്ള അപ്പസ്തോലിക തിരുവെഴുത്തായ 'അമോരിസ് ലെത്തീസ്യ'വുമായി ബന്ധപ്പെട്ട്, വിശ്വാസത്തില്‍ വളരാനുള്ള ആഗ്രഹത്തോടെ ജീവിക്കുന്ന സ്വവര്‍ഗാനുരാഗികളെ സ്വാഗതം ചെയ്യാന്‍ സഭ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍, 'സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിക്കാന്‍ സഭയ്ക്ക് അധികാരമുണ്ടോ,' എന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ് സഭാ പഠനങ്ങളെ അടിസ്ഥാനമാക്കി വിശ്വാസ തിരുസംഘം ഇക്കാര്യം വ്യക്തമാക്കിയത്.
സഭയില്‍ വിശ്വാസികളായ വ്യത്യസ്ത ലൈംഗിക ആഭിമുഖ്യമുള്ളവരെ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ അത് വിവാഹം എന്ന കൂദാശയിലൂടെ ആയിരിക്കരുതെന്ന് സഭ നിഷ്‌കര്‍ഷിക്കുന്നു. അവര്‍ക്ക് ദൈവവചനത്തില്‍ പരിശീലനം നല്‍കാനും ആരാധനാക്രമത്തില്‍ പങ്കെടുപ്പിക്കാനുമാണ് സഭ ആഗ്രഹിക്കുന്നത്.
മൂന്ന് കാരണങ്ങളാലാണ് സ്വവര്‍ഗ ദമ്പതികളുടെ ആശീര്‍വാദത്തിന് സഭയ്ക്ക് അധികാരമില്ലെന്ന് വിശ്വാസ തിരുസംഘം വ്യക്തമാക്കുന്നത് ദൈവീകപദ്ധതി പ്രകാരം സൃഷ്ടിയില്‍ ആലേഖനം ചെയ്തിരിക്കുന്ന കൃപകള്‍ വസ്തുനിഷ്ഠമായും ക്രിയാത്മകമായും സ്വീകരിക്കാനും പ്രകടിപ്പിക്കാനുമുള്ള കൗദാശികവും സഭയുടെ ആരാധനാക്രമ നടപടിയുമായ ആശീര്‍വാദത്തിന്റെ മൂല്യവുമായി ബന്ധപ്പെട്ടതാണ് ആദ്യ കാരണം.
ജീവന് രൂപംകൊടുക്കുക എന്ന ലൈംഗീകയെ സംബന്ധിച്ച ദൈവപദ്ധതിയോട് ചേര്‍ന്നുനില്‍ക്കുന്നില്ല എന്നതാണ് രണ്ടാമത്തെ കാരണം. ഇക്കാര്യം സ്വവര്‍ഗ ദമ്പതികള്‍ക്കു മാത്രമല്ല, വിവാഹം എന്ന കൂദാശയ്ക്ക് വിരുദ്ധമായി വിവാഹേതര ലൈഗീക ബന്ധം പുലര്‍ത്തുന്നവരെ സംബന്ധിച്ചും ബാധകമാണ്. സ്വവര്‍ഗാനുരാഗികളുടെ കൂടിച്ചേരലിനെ ആശീര്‍വദിക്കുന്നത് വിവാഹമെന്ന കൂദാശയായി ബന്ധിപ്പിക്കപ്പെടാനുള്ള സാധ്യതയാണ് മൂന്നാമത്തെ കാരണം.
കൂദാശകള്‍ താത്കാലികമായ ബന്ധങ്ങള്‍ക്ക് വേണ്ടിയല്ല. വിവാഹം എന്ന കൂദാശയില്‍ പുരുഷനും സ്ത്രീയും തമ്മില്‍ വേര്‍പെടുത്താന്‍ സാധിക്കാത്തതും, അഭേദ്യവുമായ ബന്ധമുണ്ട്, അത് ജീവദായകവും ആണെന്ന് ഈ രേഖ വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് പാപ്പയുടെ ചാക്രിക ലേഖനമായ അമോരിസ് ലേറ്റിഷ്യയില്‍ പറയുന്നത്, വ്യത്യസ്ത ആഭിമുഖ്യം ഉള്ളവരെ വിവാഹം എന്ന കൂദാശയിലൂടെ കൂട്ടിച്ചേര്‍ക്കുകയല്ല വേണ്ടതെന്നും ആരെയും മാറ്റിനിര്‍ത്താതെ പകരം ആരാധനാക്രമത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണെന്നും വിശ്വാസ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ലൂയിസ് ലഡ്രിയ ഫെറര്‍ രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.
സിവില്‍ യൂണിയനുകള്‍ക്ക് സിവില്‍പരമായ അവകാശങ്ങള്‍ ഉറപ്പാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു ചാനല്‍ അഭിമുഖ്യത്തില്‍ പറഞ്ഞിരുന്നു. അതേസമയം, അദ്ദേഹം വ്യത്യസ്ത ലൈംഗിക ആഭിമുഖ്യം ഉള്ളവരുടെ കൂട്ടായ്മകളെ ഒരിക്കലും വിവാഹം എന്ന കൂദാശയോട് ഉപമിച്ചിട്ടില്ല. ചില അന്താരാഷ്ട്ര - പ്രാദേശിക മാധ്യമങ്ങള്‍ അഭിമുഖ്യത്തിലെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്നും വത്തിക്കാന്‍ വിശ്വാസ തിരുസംഘം പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26