കേന്ദ്രത്തിനെതിരെ രാജ്യത്ത് കുത്തക വിരുദ്ധം ദിനമാചരിച്ച്‌ കര്‍ഷകര്‍; കുട്ടനാട്ടിൽ കിസാൻ മഹാപഞ്ചായത്ത്

കേന്ദ്രത്തിനെതിരെ രാജ്യത്ത് കുത്തക വിരുദ്ധം ദിനമാചരിച്ച്‌ കര്‍ഷകര്‍; കുട്ടനാട്ടിൽ കിസാൻ മഹാപഞ്ചായത്ത്

കുട്ടനാട്: മോഡി സര്‍ക്കാരിന്റെ തീവ്രസ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്ക്‌ എതിരായി രാജ്യവ്യാപകമായി കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രതിഷേധം. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കു മറുപടി നൽകണമെന്നു കർഷകസമര നേതാവ് ബൽദേവ് സിങ് സിർസ. കുട്ടനാട്ടിൽ കിസാൻ മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര കൃഷിമന്ത്രി അടക്കമുള്ളവരുമായി പലതവണ ചർച്ച നടത്തിയിട്ടും കർഷകരുടെ പ്രശ്നങ്ങൾ ഉൾക്കൊള്ളാൻ സർക്കാർ തയാറായിട്ടില്ല. ഭക്ഷ്യസുരക്ഷാ നിയമ ഭേദഗതിക്കു പിന്നാലെ സ്വകാര്യ കമ്പനികൾ ഭക്ഷ്യധാന്യ സംഭരണം ആരംഭിച്ചാൽ അതു രാജ്യത്തെ ഗുരുതരമായി ബാധിക്കും. ആളുകൾ വിശന്നു മരിച്ചാലും തിരുത്തില്ലെന്ന സർക്കാർ നിലപാടാണ് മാറേണ്ടത്. സമരം വിജയം കാണുന്നതുവരെ പൊരുതുമെന്നും സിർസ വ്യക്തമാക്കി.

11 തവണ ചർച്ച നടത്തിയിട്ടും ഫലമില്ലാതായത് സർക്കാരിന്റെ പിടിവാശി കാരണമാണെന്ന് സംയുക്ത കർഷകസമിതി നേതാവ് ജംഗ്‍വീർസിങ് ചൗഹാനും ആരോപിച്ചു. സമരം കൂടുതൽ ശക്തമാവുകയാണ്. പഞ്ചാബിലെയും ഹരിയാനയിലെയും കൂടുതൽപേർ ഇനിയും സമരരംഗത്തേക്ക് വരുമെന്നും ജംഗ്‍വീർസിങ് പറഞ്ഞു.

രാമങ്കരി കർഷക ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കിസാൻ മഹാപഞ്ചായത്തിൽ കുട്ടനാട് കർഷകസംഘം പ്രസിഡന്റ് ജോസ് ജോൺ വെങ്ങാന്തറ അധ്യക്ഷത വഹിച്ചു. കർഷക ഐക്യദാർഢ്യ സമിതി കൺവീനർ പി.ആർ.സതീശൻ, ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ദേശീയ കിസാൻ മഹാസംഘ് ദേശീയ കോഓർഡിനേറ്റർ കെ.വി.ബിജു തുടങ്ങിയ നിരവധിപേർ പ്രസംഗിച്ചു. 

അതേസമയം ഇന്നലെ രാജ്യവ്യാപകമായി ഒരു ലക്ഷത്തോളം കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ ചേര്‍ന്നു. ഗ്രാമീണ മേഖലകളില്‍ കര്‍ഷകരും പ്രതിഷേധിച്ചു. ഡല്‍ഹി റെയില്‍വേസ്‌റ്റേഷന്‌ മുന്നില്‍ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബാങ്കുകളടക്കം പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ വിറ്റഴിക്കുന്ന മോഡി സര്‍ക്കാരിനെ നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചു.

ഇന്ധന വിലവര്‍ധ തൊഴിലാളികളെയും കര്‍ഷകരെയും ഒരുപോലെ ദുരിതത്തിലാക്കുകയാണെന്നും ട്രേഡ്‌യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. കേന്ദ്ര നയങ്ങള്‍ക്കെതിരായി ഇതാദ്യമായാണ്‌ തൊഴിലാളികളും കര്‍ഷകരും യോജിച്ചുള്ള പ്രക്ഷോഭം. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ബംഗാളില്‍ ഒരു കാരണവശാലും ബിജെപിക്ക്‌ വോട്ടുചെയ്യരുതെന്ന ആഹ്വാനവുമായി സംയുക്ത കിസാന്‍മോര്‍ച്ച നേതാക്കള്‍ നടത്തുന്ന പര്യടനം തുടരുകയാണ്.

മാര്‍ച്ച്‌ 26ന്‌ ഭാരത്‌ ബന്ദ്‌ അടക്കമുള്ള തുടര്‍പ്രക്ഷോഭപരിപാടികളും തീരുമാനിച്ചിട്ടുണ്ട്‌. അദാനി പോലുള്ള കുത്തകകളെ സഹായിക്കുന്നതിനായി മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന്‌ കാര്‍ഷിക നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ്‌ കര്‍ഷകസംഘടനകള്‍ സമരത്തിലുള്ളത്‌.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.