ഭൂചലനമല്ല വന്‍ മണ്ണിടിച്ചിലെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ: നേപ്പാളില്‍ പ്രളയ ദുരന്തത്തില്‍ മരണം 160 കടന്നു; 142 ഇന്ത്യക്കാരുള്‍പ്പെടെ 844 പേരെ കാണാതായി

ഭൂചലനമല്ല വന്‍ മണ്ണിടിച്ചിലെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ: നേപ്പാളില്‍ പ്രളയ ദുരന്തത്തില്‍ മരണം 160 കടന്നു; 142 ഇന്ത്യക്കാരുള്‍പ്പെടെ 844 പേരെ കാണാതായി

കാഠ്മണ്ഡു: വടക്കന്‍ നേപ്പാള്‍-ചൈന അതിര്‍ത്തി മേഖലയില്‍ വന്‍ നാശനഷ്ടം വിതച്ച പ്രളയത്തിന് കാരണം ഭൂചലനമല്ലെന്നും ശക്തമായ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനുമാണ് പ്രദേശത്ത് പ്രകമ്പനമുണ്ടായതെന്നും യു.എസ് ജിയോളജിക്കല്‍ സര്‍വേ (യു.എസ്.ജി.എസ്) വ്യക്തമാക്കി. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രതയുള്ള ഭൂകമ്പത്തിന് തുല്യമായ ആഘാതമാണ് ലെന്‍ഡെ ഖോല നദിയിലേക്ക് ഉണ്ടായ വന്‍ മലഞ്ചെരിവ് ഇടിഞ്ഞുവീണപ്പോള്‍ ഉണ്ടായത്.

മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍പ്പെട്ട് ഇതുവരെ 160 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ചെളിക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരെയും മൃതദേഹങ്ങളെയും കണ്ടെത്താനുള്ള തീവ്രശ്രമം ദുരന്തഭൂമിയില്‍ തുടരുകയാണ്. ദുരന്തത്തില്‍ 142 ഇന്ത്യക്കാരുള്‍പ്പെടെ 403 വിനോദ സഞ്ചാരികളെ കാണാതായിട്ടുണ്ടെന്ന് നേപ്പാള്‍ ടൂറിസം വകുപ്പ് സ്ഥിരീകരിച്ചു. ആകെ 844 പേരെയാണ് പ്രളയ മേഖലയില്‍ നിന്ന് കാണാതായിരിക്കുന്നത്. റസുവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷാ ഉറപ്പ് നല്‍കി.

അയല്‍ രാജ്യത്തെ ദുരന്തത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും അത്യാവശ്യ മരുന്നുകളും ഇന്ത്യ ഇതിനോടകം കാഠ്മണ്ഡുവില്‍ എത്തിച്ചിട്ടുണ്ട്. അതിനിടെ നേപ്പാളിലെ പ്രളയസാധ്യത കണക്കിലെടുത്ത് ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും അതിര്‍ത്തി ജില്ലകളില്‍ ജാഗ്രത ശക്തമാക്കി.

ബീഹാറിലെ പശ്ചിമ ചമ്പാരന്‍, മുസാഫര്‍പുര്‍ മേഖലകളില്‍ ഒന്‍പത് എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെ വിന്യസിച്ചപ്പോള്‍, മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്ക് അതീവ ജാഗ്രത പുലര്‍ത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.