തിരുവനന്തപുരം: അരനൂറ്റാണ്ടോളമായി കേരള പൊലീസിനെയും പൊതുസമൂഹത്തെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയ സുകുമാര കുറുപ്പ് എവിടെ? എന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമാകുന്നു. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മരണപ്പെട്ടു എന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്.
തീരുമാനമാകാതെ കിടക്കുന്ന പഴയ കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസം മുന്‍പാണ് ക്രൈംബ്രാഞ്ച് സുകുമാര കുറുപ്പ് കേസിന്റെ ഫയലുകള്‍ വീണ്ടും പൊടിതട്ടിയെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. തുടര്‍ന്ന് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ മൊഴി ലഭിക്കുകയായിരുന്നു. ഒളിവിലായിരുന്ന സമയത്ത് കുറുപ്പിനെ നേരിട്ട് കണ്ട ഏക മലയാളിയും ജാര്‍ഖണ്ഡില്‍ നഴ്‌സുമായിരുന്ന ആലപ്പുഴ സ്വദേശി രത്‌നമ്മ നല്‍കിയ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

രത്‌നമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഐസിയുവില്‍ ഗുരുതരമായ ഹൃദ്രോഗബാധയെ തുടര്‍ന്ന് കുറുപ്പ് ചികിത്സയിലായിരുന്നു. അന്ന് ഏകദേശം 40 വയസ് മാത്രം പ്രായമുണ്ടായിരുന്ന കുറുപ്പ്, കടുത്ത ഹൃദ്രോഗിയായതിനാല്‍ തന്നെ കഴിഞ്ഞ 40 വര്‍ഷക്കാലം ജീവിച്ചിരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. കൂടാതെ ഭാര്യ ഉള്‍പ്പെടെയുള്ള കുറുപ്പിന്റെ കുടുംബാംഗങ്ങള്‍ക്ക് അദേഹവുമായി നിലവില്‍ യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
1984 ജനുവരി 22 ന് പുലര്‍ച്ചെയാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത്. തന്റെ പേരിലുള്ള ഭീമമായ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍, താന്‍ മരിച്ചെന്ന് വരുത്തിത്തീര്‍ക്കുന്നതിനായി നിരപരാധിയായ ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ ശ്വാസംമുട്ടിച്ചു കൊന്ന് കാറിലിട്ട് കത്തിക്കുകയായിരുന്നു കുറുപ്പും കൂട്ടാളികളും.

ചില സാങ്കേതിക വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷം കേസിന്റെ അന്തിമ റിപ്പോര്‍ട്ട് അന്വേഷണ സംഘം വൈകാതെ ക്രൈംബ്രാഞ്ച് മേധാവിക്ക് സമര്‍പ്പിക്കും. ഇതോടെ കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ദുരൂഹവുമായ അന്വേഷണത്തിനാണ് ഔദ്യോഗികമായി വിരാമമാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.