പിന്‍മാറില്ലെന്ന് ലതിക; പ്രശ്‌നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസിനോട് ജോസഫ് വിഭാഗം: ഏറ്റുമാനൂരില്‍ പ്രതിസന്ധി തുടരുന്നു

പിന്‍മാറില്ലെന്ന് ലതിക;  പ്രശ്‌നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസിനോട്  ജോസഫ് വിഭാഗം: ഏറ്റുമാനൂരില്‍ പ്രതിസന്ധി തുടരുന്നു

കോട്ടയം: സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടെ ഏറ്റുമാനൂരില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് കടുത്ത അതൃപ്തിയില്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.

കോണ്‍ഗ്രസിന് എതിരെയാണ് വിമര്‍ശനമെങ്കിലും ലതിക സുഭാഷിന്റെ മത്സരം ബാധിക്കുക യുഡിഎഫിലെ ഘടകകക്ഷിയായ ജോസഫ് ഗ്രൂപ്പിനെയാണ്. ലതികയുടെ പ്രതിഷേധത്തോട് കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ നടത്തിയ പ്രതികരണം പ്രശ്‌നം കൂടുതല്‍ വഷളാക്കിയതായാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തല്‍.

വിജയ പ്രതീക്ഷയുണ്ടന്നും അതിനാല്‍ ഏറ്റുമാനൂരിലെ മത്സരത്തില്‍ നിന്നും പിന്‍മാറില്ലെന്നും ലതികാ സുഭാഷ് ആവര്‍ത്തിച്ചു. ഇന്ന് മുതല്‍ പ്രചാരണം സജീവമാക്കാനാണ് തീരുമാനം. ഇവര്‍ക്കൊപ്പം ഒരു വിഭാഗം പ്രവര്‍ത്തകരുമുണ്ടെന്നത് കോണ്‍ഗ്രസിന് തലവേദനയാണ്.

ജയസാധ്യതയുള്ളതായി പാര്‍ട്ടി വിലയിരുത്തുന്ന ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസിനെതിരെ റിബല്‍ വരുന്ന സാഹചര്യം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു കഴിഞ്ഞു. കേരള കോണ്‍ഗ്രസിന് അനുവദിച്ച സീറ്റില്‍ നിര്‍ഭയം മത്സരിക്കുമെന്നാണ് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസിന്റെ പ്രതികരണം. ലതികയുടെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നും പ്രിന്‍സ് ലൂക്കോസ് വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.