ആദ്യ പോസ്റ്ററില്‍ പാല്‍പ്പാത്രവുമായി സ്ഥാനാര്‍ത്ഥി; കായംകുളം പിടിക്കാന്‍ കോണ്‍ഗ്രസിന്റെ പാല്‍ക്കാരിപ്പെണ്ണ്

ആദ്യ പോസ്റ്ററില്‍ പാല്‍പ്പാത്രവുമായി സ്ഥാനാര്‍ത്ഥി;  കായംകുളം പിടിക്കാന്‍ കോണ്‍ഗ്രസിന്റെ പാല്‍ക്കാരിപ്പെണ്ണ്

ആലപ്പുഴ: കായംകുളം പിടിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നിയോഗിച്ച ഇരുപത്തിയേഴുകാരി അരിതാ ബാബുവിന്റെ തികച്ചും വ്യത്യസ്തമായ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. പശുവിനെ വളര്‍ത്തി പാല്‍ വിറ്റ് ഉപജീവനം നടത്തുന്ന സാധാരണ കുടുംബത്തിലെ അംഗമായ അരിതയുടെ ആദ്യ പോസ്റ്ററിലെ ചിത്രവും പാല്‍പ്പാത്രവുമായി പോകുന്നതാണ്.

കായംകുളം പുതുപ്പള്ളി വടക്കു കൊച്ചുമുറി അജേഷ് നിവാസില്‍ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളായ അരിത ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ അംഗമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കാന്‍ നിര്‍ദേശം ലഭിച്ചതോടെ അരിത പത്രിക സമര്‍പ്പിച്ചെങ്കിലും പാര്‍ട്ടി തീരുമാനം മാറ്റി മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കി.

അപ്പോഴേക്കും പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിരുന്നു. വോട്ടിങ് യന്ത്രത്തില്‍ പേരുണ്ടാകുമെങ്കിലും ആരും തനിക്കു വോട്ട് ചെയ്യരുതെന്ന് അരിത നോട്ടീസ് അടിച്ചിറക്കിയെങ്കിലും ആയിരത്തോളം വോട്ട് അരിതയുടെ പേരില്‍ പോള്‍ ചെയ്തു.

അച്ഛന്‍ തുളസീധരന്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ വിളിപ്പേരാണ് അരിതയുടെ പേരിനൊപ്പമുള്ള ബാബു. പശുവിനെ വളര്‍ത്തി പാല്‍ വിറ്റാണ് ഉപജീവനം. പ്രൈവറ്റായി ബി.കോം ബിരുദ പഠനം പൂര്‍ത്തിയാക്കിയ അരിതയും ഇതിലെല്ലാം പങ്കാളിയാകുന്നു. അതുകൊണ്ടാണ് ചില സുഹൃത്തുക്കളുടെ ആഗ്രഹ പ്രകാരം പ്രചാരണത്തിനായി ആദ്യമിറക്കിയ പോസ്റ്ററില്‍ അരിത പാല്‍പ്പാത്രവുമായി പോകുന്ന ചിത്രം അച്ചടിച്ചത്.

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ മുന്നണി സ്ഥാനാര്‍ഥിയാണ് അരിത. കെ.എസ്.യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 21-ാം വയസില്‍ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗമായിരുന്നു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. നിയമപഠനത്തിനായുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് പുതിയ നിയോഗം.

കെ.എസ്.യുവിന്റെയും പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെയും കൊടി പിടിച്ചു നടന്നപ്പോളൊന്നും സ്വപ്നം കണ്ടതല്ല നിയമസഭാ സ്ഥാനാര്‍ഥിത്വം.എന്നാല്‍ അപ്രതീക്ഷിതമായി പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഏറ്റവും ഉത്തരവാദിത്വത്തോടെ ലക്ഷ്യത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു അരിത ബാബു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.