പ്രതിസന്ധിയിൽ നേപ്പാളിനൊപ്പം സഭ; ലിയോ പാപ്പയുടെ സാമ്പത്തിക സഹായം കൈമാറി

പ്രതിസന്ധിയിൽ നേപ്പാളിനൊപ്പം സഭ; ലിയോ പാപ്പയുടെ സാമ്പത്തിക സഹായം കൈമാറി

വത്തിക്കാൻ സിറ്റി: പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന നേപ്പാളിലെ ജനങ്ങൾക്കായി ലിയോ പാപ്പയുടെ കാരുണ്യ ഹസ്തം. തിരുസഭയുടെ ജീവകാരുണ്യ വിഭാഗമായ ഡിക്കാസ്റ്ററി വഴിയാണ് പരിശുദ്ധ പിതാവ് പ്രളയ ബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായം കൈമാറിയത്. ദുരിതബാധിതരുടെ ഭക്ഷണം, പാർപ്പിടം, അടിസ്ഥാന ആവശ്യങ്ങൾ എന്നിവയ്ക്കായിട്ടാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുന്നത്.

ദുരന്തമുഖത്ത് പ്രയാസപ്പെടുന്ന ഏറ്റവും എളിയ സഹോദരങ്ങൾക്ക് പരിശുദ്ധ പിതാവിന്റെ സ്നേഹവും സാമീപ്യവും അറിയിക്കാനായാണ് ഈ സഹായമെന്ന് കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ആർച്ച് ബിഷപ്പ് ലൂയിസ് മാരിൻ ദി സാൻ മാർട്ടിൻ വ്യക്തമാക്കി. പ്രതിസന്ധിഘട്ടങ്ങളിൽ സഭ നേപ്പാളിലെ ജനങ്ങൾക്കൊപ്പം പ്രാർത്ഥനയോടെയും പിന്തുണയോടെയും ഒപ്പമുണ്ടെന്നതിന്റെ പ്രകടമായ തെളിവുകൂടിയാണിത്.

കത്തോലിക്ക സന്നദ്ധ സംഘടനയായ 'കാരിത്താസ് നേപ്പാളിന്റെ' നേതൃത്വത്തിൽ ദുരിതബാധിതർക്കായി വിപുലമായ സഹായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പ്രളയബാധിതർക്ക് ശുദ്ധജലം, ഭക്ഷണം, മരുന്നുകൾ, മെഡിക്കൽ സാമഗ്രികൾ, ശുചിത്വ വസ്തുക്കൾ, താമസസൗകര്യം, വസ്ത്രങ്ങൾ എന്നിവ കാരിത്താസ് ഉറപ്പാക്കുന്നുണ്ട്.

പാപ്പ അനുവദിച്ച സാമ്പത്തിക സഹായം ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, മുന്നൂറോളം കുടുംബങ്ങൾക്ക് 15 ദിവസത്തേക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി തുടങ്ങിയ കമ്മ്യൂണിറ്റി അടുക്കളയുടെ നടത്തിപ്പിനും വലിയൊരു ആശ്വാസമാകും.

ഇക്കഴിഞ്ഞ ബുധനാഴ്ച നേപ്പാളിലുണ്ടായ പ്രകൃതിദുരന്തത്തിൽ തന്റെ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി ലെയോ പാപ്പ ടെലിഗ്രാം സന്ദേശം അയച്ചിരുന്നു. അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 675 കവിഞ്ഞു. മൂവായിരത്തോളം പേരെ കാണാതായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മരണസംഖ്യ ഇനിയും ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘങ്ങൾ നേപ്പാളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പ്രകൃതിദുരന്തത്തിൽ തകർന്ന നേപ്പാളിന്റെ ജനങ്ങൾക്കായി കത്തോലിക്കാ സഭ ലോകമെമ്പാടുമുള്ള വിശ്വാസികളോട് പ്രാർത്ഥന അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.