കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 734 ആയി ഉയർന്നു. ദുരന്തത്തിന്റെ അഞ്ചാം ദിവസവും വിവിധയിടങ്ങളിൽ നിന്നായി മൃതദേഹങ്ങൾ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഏകദേശം 2,500 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ബാധിതമായ എട്ട് ജില്ലകളിൽ രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്.
നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ ഹിമാനി തകർച്ചയെ തുടർന്നുണ്ടായ ഐസ്-റോക്ക് അവലാഞ്ചാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത്. ബുധനാഴ്ചയുണ്ടായ ഈ പായ്‍ച്ചലിൽ വെള്ളവും മണ്ണും പാറക്കഷണങ്ങളും കുത്തിയൊഴുകി മധ്യ നേപ്പാളിലെ നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും തകർന്നടിഞ്ഞു. നിരവധി ജലവൈദ്യുത നിലയങ്ങളും റോഡുകളും പാലങ്ങളും പൂർണ്ണമായി നശിച്ചു.
ദുരന്തത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്ത്യ ഊർജിതമാക്കിയിട്ടുണ്ട്. ഇതുവരെ 108 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചതായും നേരത്തെ ബന്ധപ്പെടാൻ കഴിയാതിരുന്ന 50 ഓളം പേരുമായി ആശയവിനിമയം പുനസ്ഥാപിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ 275 ഇന്ത്യൻ പൗരന്മാരെയും 128 ഇന്ത്യൻ വംശജരെയും കുറിച്ചുള്ള വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ഇതിൽ ഏഴ് മലയാളികളും ഉൾപ്പെടുന്നുണ്ടെന്ന് നോർക്ക വ്യക്തമാക്കിയിട്ടുണ്ട്.
പ്രളയത്തെ തുടർന്ന് കടുത്ത ഊർജ പ്രതിസന്ധിയാണ് നേപ്പാളിൽ രൂപപ്പെട്ടിരിക്കുന്നത്. 13 ജലവൈദ്യുത നിലയങ്ങൾ തകർന്നതുമൂലം 550 മെഗാവാട്ടിന്റെ വൈദ്യുതി കുറവുണ്ടായി. ഈ അടിയന്തര സാഹചര്യം നേരിടാൻ ഇന്ത്യയിൽനിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യാനുള്ള അനുമതി നേപ്പാൾ തേടിയിട്ടുണ്ട്. ഇതിനിടയിൽ ഭോട്ടെ കോശി നദിയിൽ വീണ്ടും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പ്രളയ മുന്നറിയിപ്പ് നൽകുകയും, നുവാക്കോട്ടിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയുടെ നാലാമത്തെ വിമാനവും നേപ്പാളിൽ എത്തി. പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിൻ, ശുചിത്വ കിറ്റുകൾ അടങ്ങിയ 11 ടൺ അവശ്യസാധനങ്ങളുമായാണ് ഇന്ത്യൻ വ്യോമസേനയുടെ സി-130 വിമാനം നേപ്പാളിൽ എത്തിയത്. പ്രതികൂല കാലാവസ്ഥയെയും വകവെക്കാതെ രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.