കാഠ്മണ്ഡു: രാജ്യത്തുണ്ടായ പ്രളയക്കെടുതിയില്‍ ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാള്‍. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളായതിനാലാണ് നേപ്പാള്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടു വെച്ചിരിക്കുന്നത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന ചൈന, രണ്ടാം സ്ഥാനത്തുള്ള അമേരിക്ക, മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ എന്നിവര്‍ക്ക് നേപ്പാള്‍ പോലുള്ള ദുര്‍ബല രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ചരിത്രപരമായ ബാധ്യതയുണ്ടെന്ന് വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാല്‍ പറഞ്ഞു.
ഹിമാലയന്‍ ഹിമാനികള്‍ ഇല്ലാതായാല്‍ ദക്ഷിണേഷ്യയിലെ ഗംഗ, തൃശൂലി തുടങ്ങിയ നദികളെ ആശ്രയിക്കുന്ന 200 കോടിയിലധികം ജനങ്ങളുടെ ജലസുരക്ഷ അപകടത്തിലാകും. ഇത് ദക്ഷിണേഷ്യന്‍ സംസ്‌കാരത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പ്രളയ ദുരന്തത്തിന് ശേഷമുള്ള സഹായങ്ങളെ കാരുണ്യ പ്രവര്‍ത്തനമായി കാണേണ്ടതില്ലെന്നും അത് വികസിത രാജ്യങ്ങളുടെ 'ധാര്‍മ്മികവും നിയമപരവുമായ ബാധ്യത' ആണെന്നും ശിശിര്‍ ഖനാല്‍ പ്രതികരിച്ചു. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലില്‍ നേപ്പാളിന്റെ പങ്ക് പൂജ്യത്തോടടുത്താണെങ്കിലും ആഗോള താപനത്തിന്റെ കനത്ത ദുരന്ത ഫലങ്ങള്‍ അനുഭവിക്കുന്നത് തങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഞങ്ങള്‍ ഉണ്ടാക്കാത്ത ഒരു ആഗോള പ്രതിസന്ധിയുടെ ഏറ്റവും വലിയ വിലയാണ് ഞങ്ങള്‍ നല്‍കുന്നത്. ഹിമാനികള്‍ അതിവേഗം ഉരുകുന്നതും ഹിമാലയന്‍ മലനിരകളിലുണ്ടാകുന്ന പ്രളയങ്ങളും ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളാണ്. 'സാമ്പത്തിക സഹായം' നയതന്ത്ര ചട്ടക്കൂടില്‍ നിന്ന് 'നീതിയും നഷ്ടപരിഹാരവും' എന്ന ശൈലിയാണ് നേപ്പാള്‍ മുന്നോട്ടു വെക്കുന്നത്'- ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിശിര്‍ ഖനാല്‍ പറഞ്ഞു.
അതിനിടെ നേപ്പാള്‍ ധനകാര്യ മന്ത്രാലയം ഔദ്യോഗിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് രാഷ്ട്രങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. ദുരന്തത്തെ നേരിടാനുള്ള അടിയന്തര ധനസഹായത്തിനായി നേപ്പാള്‍ രാജ്യാന്തര കാലാവസ്ഥാ ഫണ്ടിനും അപേക്ഷ നല്‍കിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാനായാണ് ഈ ഫണ്ട് രൂപീകരിച്ചത്. ദുരന്തത്തിന്റെ ആഘാതം നേപ്പാളിന്റെ സ്വന്തം അതിജീവന ശേഷിക്കും അപ്പുറമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
നേപ്പാള്‍-ടിബറ്റ് അതിര്‍ത്തി മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലുണ്ടായ വലിയ ഹിമപാതത്തെയും ഹിമാനികളുടെ തകര്‍ച്ചയെയും തുടര്‍ന്നാണ് നേപ്പാളിലെ ഭോട്ടെകോശി നദിയില്‍ വന്‍ പ്രളയമുണ്ടായത്. തണുത്തുറഞ്ഞ വെള്ളവും പാറക്കല്ലുകളും അവശിഷ്ടങ്ങളും നിറഞ്ഞ മലവെള്ളപ്പാച്ചില്‍ ജനവാസ മേഖലകളെ വിഴുങ്ങുകയായിരുന്നു.
ദുരന്തത്തില്‍ ഇതുവരെ 1100 ലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 4500 ഓളം ആളുകളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൂന്ന് ജില്ലകളിലായി നിരവധി ഗ്രാമങ്ങളാണ് ഒഴുകിപ്പോയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.