പ്രസവാവധി കഴിഞ്ഞ് ജോലിയില്‍ തിരിച്ചെത്തി ദിവസങ്ങള്‍ മാത്രം; ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തില്‍ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റിന് ദാരുണാന്ത്യം

പ്രസവാവധി കഴിഞ്ഞ് ജോലിയില്‍ തിരിച്ചെത്തി ദിവസങ്ങള്‍ മാത്രം; ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തില്‍ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റിന് ദാരുണാന്ത്യം

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ നടന്ന ദാരുണമായ ആക്രമണത്തില്‍ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു. 32 കാരിയായ എറിന്‍ പിയാസെന്റി ആണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. പ്രസവാവധിക്ക് ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ക്രൂരമായ ഈ ദുരന്തം സംഭവിച്ചത്.

ജോലി കഴിഞ്ഞ് സബ്വേ സ്റ്റേഷന് സമീപത്തിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന എറിനെ യാതൊരു പ്രകോപനവുമില്ലാതെ അക്രമി ആക്രമിക്കുകയായിരുന്നു. 49 കാരിയായ പമേല സിസ്‌നെറോസ് എന്ന സ്ത്രീയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ആദ്യം സബ്വേ സ്റ്റേഷനില്‍ നിന്ന് പുറത്തുവന്ന 68 വയസുകാരനായ വിനോദസഞ്ചാരിയെ കുത്തിപ്പരിക്കല്‍പ്പിച്ച അക്രമി, തൊട്ടടുത്തുണ്ടായിരുന്ന എറിന് നേരെ തിരിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ വിനോദസഞ്ചാരി നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സംഭവം അറിഞ്ഞെത്തിയ ന്യൂയോര്‍ക്ക് പൊലീസ് അക്രമിയോട് ആയുധം താഴെയിട്ട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. പൊലീസുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുന്നോട്ടെത്തിയ പമേലയെ സ്റ്റണ്‍ ഗണ്‍ ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസിന് വെടിയുതിര്‍ക്കേണ്ടി വരികയും അക്രമി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയുമായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ പമേല സിസ്‌നെറോസ് മാനസികരോഗത്തിന് ചികിത്സയിലായിരുന്ന വ്യക്തിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

അടുത്തിടെയാണ് എറിനും ഭര്‍ത്താവ് ഫ്രാങ്കിനും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. പ്രസവാവധിക്കാലത്ത് കുടുംബത്തോടൊപ്പം ചെലവഴിച്ച സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് എറിന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. ഫോര്‍ദാം ലോ സ്‌കൂളിലെ പഠനത്തിന് ശേഷം മികച്ച കരിയര്‍ പടുത്തുയര്‍ത്തിയ എറിന്റെ ദാരുണമായ വേര്‍പാടില്‍ ബാങ്ക് ഓഫ് അമേരിക്കയും ഫോര്‍ദാം ലോ സ്‌കൂളും ദുഖം രേഖപ്പെടുത്തി. പ്രിയപ്പെട്ട സഹപ്രവര്‍ത്തകയുടെ അപ്രതീക്ഷിത വേര്‍പാട് നല്‍കിയ ആഘാതത്തില്‍ നിന്നും മുക്തരായിട്ടില്ലെന്ന് ബാങ്ക് ഓഫ് അമേരിക്ക അധികൃതര്‍ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.