ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് എമിഗ്രേഷൻ ഉപയോഗിച്ചത് 154,000ലധികം യാത്രക്കാർ

ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് എമിഗ്രേഷൻ ഉപയോഗിച്ചത് 154,000ലധികം യാത്രക്കാർ

ദുബായ്: ദുബായ് ഇന്റർനാഷണൽ എയർപോർട്ട് മൂന്നിലെ ബയോമെട്രിക് എമിഗ്രേഷൻ ഉപയോഗിച്ചത് 154,000 ലധികം യാത്രക്കാരാണെന്ന് ജിഡിആർഎഫ്എ അറിയിച്ചു. എയർപോർട്ടിലെ മുഴുവൻ നടപടികളും മുഖം കാണിച്ചു പൂർത്തീകരിക്കാൻ അനുവദിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനമാണ് ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് യാത്രാ സംവിധാനം.

വിമാനയാത്രയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പാസ്പോർട്ടും എമിറേറ്റ്സ്‌ ഐഡിയും ഉപയോഗിക്കാതെ മുഖം യാത്രരേഖയായി സിസ്റ്റത്തിൽ അടയാളപ്പെടുത്തുന്ന മേഖലയിലെ ഏറ്റവും മികച്ച ടെക്നോളജിയാണ് ഇത്. കഴിഞ്ഞ മാസം അവസാനത്തിലാണ് എയർപോർട്ടിൽ യാത്രക്കാർക്കു ഔദ്യോഗികമായി ഇത് തുറന്നുകൊടുത്തത്. ദുബായ് എയർപോർട്ടിലെ പരീക്ഷണഘട്ടം മുതൽ ഇതുവരെയുള്ള ആറുമാസത്തിനുള്ളിലാണ് ഇത്രയധികം പേർ ഉപയോഗിച്ചതെന്ന് അധികൃതർ വെളിപ്പെടുത്തി.

പാസ്പോർട്ട് നിയന്ത്രണ നടപടിക്രമങ്ങൾ അഞ്ചുമുതൽ ഒൻപത് സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ പുതിയ സംവിധാനം യാത്രക്കാരെ അനുവദിക്കുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ എമിറേറ്റ്സ്‌ ഫസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപ്പാർച്ചർ, അറൈവൽ ഭാഗത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. 2021വർഷത്തെ മുഹമ്മദ്‌ ബിൻ റാഷിദ് സെന്റർ ഫോർ ഗവൺമെന്റ് ഇന്നോവേഷന്റെ സർക്കാർ മേഖലയിലെ ഏറ്റവും മികച്ച നൂതന സാങ്കേതിക വിദ്യക്കുള്ള അവാർഡ് ലഭിച്ചത് ഈ ബയോമെട്രിക് യാത്ര സിസ്റ്റത്തിനായിരുന്നു.


തടസമില്ലാത്ത സ്മാർട്ട് യാത്ര സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യഘട്ടത്തിൽ തങ്ങളുടെ വിശദാംശങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന് ദുബായ് എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്മദ് അൽ മർറി അറിയിച്ചു. യാത്രക്കാർ എമിറേറ്റ്സ്‌ ചെക്ക് -ഇൻ കൗണ്ടറിൽ സമീപിച്ചു പാസ്പോർട്ട് വിവരങ്ങളും അവിടെയുള്ള ബയോമെട്രിക് ക്യാമറയിൽ മുഖവും കണ്ണുകളും കാണിച്ചു രജിസ്റ്റർ ചെയ്യുക എന്നതാണ് ഇതിനുള്ള ആദ്യപടി. ഇത് ചെയ്യുന്നതോടുകൂടിയാണ് ഇതിലൂടെ യാത്ര ചെയ്യാൻ അനുവദിക്കുക. പിന്നീടുള്ള ഓരോ യാത്രയിലും പ്രത്യേകമായ മറ്റൊരു രജിസ്ട്രേഷൻ ഇതിനാവശ്യമില്ല.

സ്മാർട്ട്‌ ഗേറ്റ്, സ്മാർട്ട്‌ ടണൽ, ഇടങ്ങളിലെ ക്യാമറയിൽ മുഖം കാണിച്ചാൽ സിസ്റ്റത്തിലെ മുഖവും യാത്രക്കാരന്റെ മുഖവും കണ്ണും ഒന്നാണെന്ന് തിരിച്ചുറിഞ്ഞ് അവിടെയുള്ള വാതിലുകൾ തുറക്കപ്പെടുന്നു. ബോർഡിങ് ഗേറ്റിലും, എമിറേറ്റ്സ് ഫസ്റ്റ് ക്ലാസ്‌ ലോഞ്ചിലും ഇതേ പ്രക്രിയ തുടർന്ന് വിമാനത്തിലെ കയറും വരെ യാത്രകാർക്ക് തടസ രഹിതമായ സേവനം ഇത് പ്രാധാന്യം ചെയ്യുന്നു. ഓരോ പോയിന്റിലൂടെയും കടന്നുപോകാൻ എടുത്ത സമയം യാത്രക്കാരന്റെ ചലനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 39-മത് ജൈടെക്സ്‌ സാങ്കേതിക വാരത്തിലാണ് ദുബായ് ആദ്യമായി ടെക്നോളജി അവതരിപ്പിച്ചത്.

ദുബായ് എയർപോർട്ടിലെ ഓരോ ചെക്കിങ് പോയിന്റിലെയും കാത്തിരിപ്പ് സമയം പരമാവധി കുറക്കാൻ ഞങ്ങൾ എല്ലായ്പ്പോഴും പരിശ്രമിക്കുന്നുവെന്ന് ജിഡിആർഎഫ്എ-ദുബായ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു. മിനിറ്റുകൾക്കൊപ്പമല്ല. സെക്കൻഡുകളിലൂടെയാണ് ഞങ്ങളുടെ സേവനങ്ങൾ ലഭ്യമായി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപയോക്താക്കൾ വകുപ്പിന് വളരെ പ്രധാനപ്പെട്ടവരാണ്, അവർ സഞ്ചരിച്ച ഏറ്റവും മികച്ച വിമാനത്താവളം ദുബായ് വിമാനത്താവളമാണെന്ന് പ്രതിധ്വനി അവരിൽ സൃഷ്ടിക്കാൻ ഞങ്ങൾ എപ്പോഴും ശ്രമിക്കുന്നുവെന്ന് മേജർ ജനറൽ മുഹമ്മദ്‌ അഹ്മ്മദ് അൽ മർറി പറഞ്ഞു. ദുബായ് എയർപോർട്ടിലുടെയുള്ള യാത്ര- സുഗമവും വേഗത്തിലും സമ്മർദ്ദരഹിതവുമായിരിക്കണമെന്ന നിർബന്ധം ദുബായ്ക്ക് ഉണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.