'ഭീകരവാദം പതിവാക്കിയ രാജ്യം': യു.എന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍

'ഭീകരവാദം പതിവാക്കിയ രാജ്യം': യു.എന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന്റെ ഭീകരവാദ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍. പാകിസ്ഥാന്‍ ഭീകരവാദം പതിവാക്കിയ രാജ്യമാണെന്ന് ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം വിമര്‍ശിച്ചു.

'ഭീകരവാദത്തെ സാധാരണവല്‍കരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഞങ്ങള്‍ വിനിയോഗിക്കും. സൗഹൃദവും ഭീകരവാദവും ഒത്തുപോകില്ല' - ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കി.

ഒരു ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള അതിര്‍ത്തി കടന്നുള്ള ഭീകരവാദം ആഗോള ക്രമത്തിന് നേരിട്ടുള്ള വെല്ലുവിളിയാണെന്നും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന സര്‍ക്കാരുകള്‍ ഉത്തരവാദികളാക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യ, ഗാസ, ഉക്രെയ്ന്‍ യുദ്ധങ്ങളുടെ പ്രത്യാഘാതങ്ങള്‍ ലോകമെമ്പാടും അനുഭവപ്പെടുന്നതായി ജയശങ്കര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ജലപാതകളില്‍ വാണിജ്യ കപ്പലുകളും നാവികരും ആക്രമിക്കപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.

എ.ഐ, സമുദ്ര സുരക്ഷ, ദുരന്ത നിവാരണം, കാലാവസ്ഥാ വ്യതിയാനം, ഗ്ലോബല്‍ സൗത്ത്, ഊര്‍ജ്ജം തുടങ്ങിയ വിവിധ മേഖലകളിലെ ഇന്ത്യയുടെ നയം അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സംഭാവനകളും സംരംഭങ്ങളും വിശദീകരിക്കുകയും ചെയ്തു.

യു.എന്‍ യോഗത്തോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിനിടെ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ച പാക് മാധ്യമ പ്രവര്‍ത്തകന് ജയശങ്കര്‍ ചുട്ട മറുപടിയും നല്‍കി. 'ഇന്ത്യ എപ്പോഴാണ് പാകിസ്ഥാനില്‍ ഭീകരവാദം സ്പോണ്‍സര്‍ ചെയ്യുന്നത് അവസാനിപ്പിക്കുക' എന്നായിരുന്നു അയാളുടെ ചോദ്യം.

ഒരു ഭീകര രാജ്യമാണോ എന്നോട് ഈ ചോദ്യം ഉന്നയിക്കുന്നതെന്ന് ജയശങ്കര്‍ തിരിച്ചടിച്ചു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകന്റെ തെറ്റായ വാദങ്ങള്‍ക്ക് ചെവികൊടുക്കാതെ അദ്ദേഹവും മറ്റ് നയതന്ത്രജ്ഞരും വേദി വിടുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.