യുഎഇ സുവർണ ശോഭയില്‍; 2021 'ദി ഇയർ 50' പ്രഖ്യാപനം നടത്തി യുഎഇ രാഷ്ട്രപതി

യുഎഇ സുവർണ ശോഭയില്‍; 2021 'ദി ഇയർ 50' പ്രഖ്യാപനം നടത്തി യുഎഇ രാഷ്ട്രപതി

ദുബായ്: യുഎഇ എന്ന രാജ്യം പിറന്നിട്ട് 50 വർഷം പൂ‍ർത്തിയാക്കുന്ന 2021 "ദി ഇയർ 50" ആയിരിക്കുമെന്ന പ്രഖ്യാപനം നടത്തി രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍. 2021 ഏപ്രില്‍ ആറ് മുതല്‍ 2022 മാർച്ച് 31 വരെയാണ് ഔദ്യോഗികമായി "ദി ഇയർ 50".


വ‍ർഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ സംരംഭങ്ങള്‍ പ്രവർത്തനങ്ങള്‍ ഇതൊക്കെയും ഇതിന്‍റെ ഭാഗമായി നടക്കും. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ്റെ അധ്യക്ഷതയിലുള്ള യുഎഇ സുവർണ്ണ ജൂബിലി കമ്മിറ്റിയാണ് ആഘോഷങ്ങളുടെ നിയന്ത്രണം നടത്തുന്നത്. സമിതിയിൽ വിവിധ ഫെഡറൽ, പ്രാദേശിക വകുപ്പുകളെ പ്രതിനിധീകരിക്കുന്ന അംഗങ്ങളുമുണ്ട്.

വിവിധ ഭാഷക്കാരും ദേശക്കാരും ഒന്നിച്ച് വർണ വർഗ വിവേചനങ്ങളില്ലാതെ ഒരേ കുടക്കീഴില്‍ ജീവിക്കുന്ന രാജ്യമാണ് യുഎഇ. അതുകൊണ്ടുതന്നെ യുഎഇയെ മാതൃരാജ്യമായി കരുതുന്ന എല്ലാവരേയും ഉള്‍ക്കൊളളുന്ന ആഘോഷ പരിപാടികളോടെയായിരിക്കും വർഷം 50 ആരംഭിക്കുക. യുഎഇ എന്ന രാജ്യം ഒരു നിമിഷം കൊണ്ടുണ്ടായതല്ല. യുഎഇ ഇന്നത്തെ യുഎഇയാക്കാന്‍ പിന്‍തലമുറ ചെയ്ത സംഭാവനകള്‍ നിസ്തുലമാണ്. യുഎഇ സ്ഥാപക പിതാക്കന്മാരുടെ മൂല്യങ്ങളും നേട്ടങ്ങളും പിന്തുടരാന്‍ എല്ലാ യുഎഇ പൗരന്മാരെയും ആഹ്വാനം ചെയ്യുകയെന്നതും ലക്ഷ്യങ്ങളിലൊന്നാണ്.


വികസനം, പുരോഗതി, സമൃദ്ധി എന്നിവയുടെ മുന്നേറ്റത്തിൽ ഗുണനിലവാരമുള്ള ദേശീയ നേട്ടങ്ങൾ കൈവരിക്കാൻ അവരെ സഹായിക്കുന്നതിനൊപ്പം അടുത്ത 50 വർഷത്തെ അഭിലാഷങ്ങളെക്കുറിച്ച് യുവാക്കൾക്ക് അവരുടെ കാഴ്ചപ്പാട് ഉണ്ടായിരിക്കാൻ പ്രേരിപ്പിക്കും. 1971 ൽ യുഎഇ യൂണിയൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ആരംഭിച്ച ഞങ്ങളുടെ യാത്രയിലെ ചരിത്രപരമായ നിർണായക നിമിഷത്തെ 'ദി ഇയർ 50' പ്രതിനിധീകരിക്കുന്നുവെന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് പറഞ്ഞു.

നമ്മുടെ രാജ്യം കെട്ടിപ്പടുക്കുമ്പോൾ നമ്മുടെ സ്ഥാപക പിതാക്കന്മാർ കാട്ടിയ ശക്തമായ ദൃഢനിശ്ചയത്തിന്‍റെ അംഗീകാരമാണ് ഇന്ന് കാണുന്ന യുഎഇ. നമ്മുടെ രാജ്യത്തിനായി നമ്മുടെ പൗരന്മാർ നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങളെ അംഗീകരിക്കുന്നതാണ് ഇത്. ഇന്ന് രാജ്യം ലോകത്തിലെ ഏറ്റവും മികച്ചതും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ രാജ്യങ്ങളിലൊന്നായി മാറി. ഈ യാത്രയിൽ സ്വദേശി പൗരന്മാർക്കൊപ്പം ഈ യുവ രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നതിനായി മറ്റ് വിദേശ പൗരന്മാർ നടത്തിയ ശ്രമങ്ങളും ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത യാത്രയ്‌ക്കായി ഒരുങ്ങുന്ന സമയത്ത് 50 വർഷത്തിലേറെയായി നേടിയ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമാണ് "ദി ഇയർ 50" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയുടെ ചരിത്രം, മൂല്യങ്ങൾ, അതുല്യമായ നേട്ടങ്ങൾ എന്നിവ മനസിലാക്കുന്നതിനുള്ള നിരവധി പരിപാടികളും 'ദി ഇയർ 50' യുടെ ആഘോഷത്തിൽ ഉൾപ്പെടുന്നു. പുതിയ കാലത്തിലേക്ക് ചുവടുവയ്ക്കാന്‍ യുവതലമുറയെ പ്രാപ്തമാക്കും. കൂടുതല്‍ ശോഭനമായ രാജ്യത്തിനുവേണ്ടിയുളള യാത്ര നാം ഇവിടെ ആരംഭിക്കുകയാണെന്നും ഷെയ്ഖ് ഖലീഫ പറഞ്ഞു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് 2019 ഡിസംബറിൽ സുവർണ്ണ ജൂബിലി കമ്മിറ്റി രൂപീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.