ന്യുഡല്‍ഹി: മലയാളികളുടെ പ്രിയ ഭക്ഷണമാണ് ചോറ്. അരി ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മലയാളികളില്‍ ഏറെയും. അടുത്ത മുപ്പത് വര്‍ഷത്തേക്ക് മുട്ടില്ലാതെ അരി നമ്മുക്ക് ലഭിക്കുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ പഠനം നടത്തിയ അമേരിക്കയിലെ ഇല്ലിനോയിസ് സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് ഈ ചോദ്യം.
ബിഹാറിലുള്ള ബൊര്‍ലാഹ് ഇന്‍സ്റ്റിറ്റിയൂട് ഫാമിലെ നെല്ല് പ്ലാന്റേഷന്‍ കേന്ദ്രീകരിച്ച് ആയിരുന്നു സംഘത്തിന്റെ ഗവേഷണം. 2050 ഓടെയുള്ള നെല്ലിന്റെ വിളവും ജലത്തിന്റെ ആവശ്യകതയും കണ്ടെത്തുക, കാലവസ്ഥ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളോട് നെല്‍ കര്‍ഷകര്‍ക്ക് എത്രത്തോളം പൊരുത്തപ്പെടാനാകും എന്ന് വിലയിരുത്തുക തുടങ്ങിയവ മനസിലാക്കുക എന്നതായിരുന്നു ഗവേഷണ ലക്ഷ്യം. മഴ ലഭ്യത, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്, താപനില എന്നിവ വിളകളുടെ വളര്‍ച്ചയില്‍ പ്രത്യേകിച്ച് അരിയുടെ കാര്യത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നവയാണ്. എന്നാല്‍, ഇവയെ കാലാവസ്ഥാ വ്യതിയാനം സാരമായി ബധിക്കുന്നു എന്ന് ഗവേഷണത്തെ നയിക്കുന്ന പ്രസാന്ത കലിത വ്യക്തമാക്കുന്നു.
ഗവേഷകരുടെ അഭിപ്രായത്തില്‍ അടുത്ത മൂപ്പത് വര്‍ഷത്തിനിടെയുണ്ടാകുന്ന അരിയുടെ ലഭ്യത കുറവ് പരിഹരിക്കണമെങ്കില്‍ മണ്ണ് സംരക്ഷണ സാങ്കേതിക വിദ്യ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നും, വിളവെടുപ്പിനിടെ ഉണ്ടാകുന്ന മാലിന്യങ്ങള്‍ പരിമിതപ്പെടുത്തണമെന്നുമാണ്. ഒരു കിലോ അരിയുടെ ഉത്പാദനത്തിനും അതിന് ശേഷമുള്ള മറ്റ് പ്രക്രിയകള്‍ക്കുമായി ഏതാണ്ട് 4000 ലിറ്റര്‍ വെള്ളം ആവശ്യമുണ്ടെന്നും കലിത പറയുന്നു.
നെല്ല് ഉത്പാദനത്തിന് ആവശ്യമായ ജലത്തിന്റെ അളവും, വിളവ് ലഭ്യതയും, കാലാവസ്ഥയും സംഘം പഠനത്തിന്റെ ഭാഗമാക്കിയിരുന്നു. അരി ഉത്പാദനം ഉറപ്പാക്കാനായി നടപ്പിലാക്കാവുന്ന ആശയങ്ങളും പഠനം വിശദീകരിക്കുന്നു. നിലവിലുള്ള രീതിയാണ് കര്‍ഷകര്‍ തുടരുന്നത് എങ്കില്‍ 2050 ഓടെ ക്യഷിയില്‍ നിന്നും ലഭിക്കുന്ന വിളവ് നന്നായി കുറയുമെന്ന് ഗവേഷകര്‍ പറയുന്നു. വിളകള്‍ വളര്‍ച്ചക്ക് എടുക്കുന്ന സമയം കുറഞ്ഞു വരികയാണെന്ന് പഠനത്തില്‍ വ്യക്തമായി. കാരണം വിത്തിടുന്നതിനും വിളവ് എടുക്കുന്നതിനും ഇടയില്‍ ഉള്ള സമയം കുറയുകാണ്. വിള പെട്ടെന്ന് പാകമാകുമ്പോള്‍ അതില്‍ നിന്നും ലഭിക്കേണ്ടതായുള്ള വിളവ് കുറയുന്നു. വിളവിന്റെ 30 ശതമാനത്തോളം വിളവെടുപ്പ് നടക്കുമ്പോഴും അതിന് ശേഷവും നഷ്ടപ്പെടുന്നുണ്ടെന്നും പഠനം പറയുന്നു. ഇത് കുറച്ച് കൊണ്ടു വരിക എന്നത് പ്രധാനമാണ്.
ഇതിന് പരിഹാരമായി ഗവേഷണസംഘം പറയുന്നത് ഞാറ് പറിച്ച് നടുന്നതിന് പകരം നേരിട്ട് വിത്ത് വിതക്കുകയാണ് നല്ലതെന്നാണ്. പ്രകൃതി സൗഹൃദമായ ഈ രീതിക്ക് വെള്ളം കുറച്ച് മതി എന്ന് മാത്രമല്ല പറിച്ചു നടുമ്പോള്‍ ലഭിക്കുന്ന അതേ വിളവ് ലഭിക്കുകയും ചെയ്യും. വിളവിന്റെ അവശിഷ്ടങ്ങള്‍ നില നിര്‍ത്തുകയാണെങ്കില്‍ മണ്ണ് , ജലം എന്നിവയുടെ സംരക്ഷണത്തിന് സാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.