കണ്ണീരില്‍ നനഞ്ഞ കൊയ്ലി ദേവിയുടെ ഹര്‍ജി: മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത് ഗൗരവതരമെന്ന് സുപ്രീം കോടതി

 കണ്ണീരില്‍ നനഞ്ഞ കൊയ്ലി ദേവിയുടെ ഹര്‍ജി: മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത് ഗൗരവതരമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആധാറുമായി ബാധിപ്പിക്കാത്തതിന്റെ പേരില്‍ രാജ്യത്ത് മൂന്ന് കോടിയോളം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത് ഗൗരവമേറിയ വിഷയമാണെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

ജാര്‍ഖണ്ഡ് സ്വദേശി കൊയ്ലി ദേവി എന്ന ആദിവാസി യുവതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവരടങ്ങുന്ന ബെഞ്ചാണ് നോട്ടിസ് അയച്ചത്. ഭക്ഷണം കിട്ടാത്തതിനെ തുടര്‍ന്ന് തന്റെ പതിനൊന്ന് വയസുള്ള മകള്‍ പട്ടിണി കിടന്ന് മരിച്ചതായി യുവതി ഹര്‍ജിയില്‍ പറയുന്നു.

റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നതിനെ തുടര്‍ന്ന് പട്ടിണി മരണങ്ങള്‍ വ്യാപകമാകുന്നതായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി. വിഷയം റേഷന്‍ കാര്‍ഡ് റദ്ദാക്കിയതിന്റെയും പട്ടിണി മരണത്തിന്റെയും ആണെന്ന് കോളിന്‍ ഗൊണ്‍സാല്‍വസ് പറഞ്ഞു.

2018 ഡിസംബറില്‍ ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയില്‍ തന്റെ 11 വയസുകാരിയായ മകള്‍ സന്തോഷി പട്ടിണി മൂലം മരിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കൊയ്ലി ദേവി പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ അധികൃതര്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കിയതോടെ 2017 മാര്‍ച്ച് മുതല്‍ റേഷന്‍ ലഭിച്ചില്ലെന്നും പട്ടിണി കിടന്ന് തന്റെ മകള്‍ മരിക്കുകയായിരുന്നുവെന്നും കൊയ്ലി ദേവി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. മരണ ദിവസം പോലും ഉപ്പിട്ട ചായ മാത്രമാണ് മകള്‍ക്കു നല്‍കാന്‍ കഴിഞ്ഞതെന്നും അതു മാത്രമാണ് അടുക്കളയില്‍ ഉണ്ടായിരുന്നതെന്നും അവര്‍ വ്യക്തമാക്കി. രാത്രി മകള്‍ പട്ടിണി മൂലം മരിച്ചുവെന്നാണ് കൊയ്ലി ദേവി ആരോപിക്കുന്നത്.

റേഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പട്ടിണി മരണം ഉണ്ടാകുന്നു എന്ന വാദം തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാരിനും യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യ്ക്കും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി പറഞ്ഞു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ഹര്‍ജി പരിഗണിക്കരുതെന്നും ലേഖി ആവശ്യപ്പെട്ടു.

എന്നാല്‍ ഹര്‍ജിയില്‍ വിശദമായ മറുപടി നാല് ആഴ്ചയ്ക്കകം നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോടും യുഐഡിഎഐയോടും ആവശ്യപ്പെട്ടു. ഇത് പ്രതികാര മനോഭാവത്തോടെ കാണേണ്ട വിഷയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.