വിശുദ്ധ യൗസേപ്പിന്റെ മരണം

വിശുദ്ധ യൗസേപ്പിന്റെ മരണം

തിരുസഭയുടെ മധ്യസ്ഥൻ, പാലകൻ എല്ലാ പിതാക്കന്മാരുടെയും കുടുംബങ്ങളുടെയും മധ്യസ്ഥൻ, ദരിദ്രരുടെ മധ്യസ്ഥൻ എന്നീ നിലകളിലെല്ലാം വണങ്ങുകയും ആശ്രയിക്കുകയും ചെയ്യുന്ന വിശുദ്ധ യൗസേപ്പിനെ ആശ്രയിക്കുന്നത് നല്ല മരണത്തിനായി ഏറെ നല്ലതാണ്. ഈശോയുടെ മടിയിൽ കിടന്നു മാതാവിന്റെ കരം പിടിച്ചുള്ള സുകൃത പൂർണമായ മരണമാണ് വിശുദ്ധ യൗസേപ്പിനെ എല്ലാ വിശുദ്ധരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഈ ലോകത്തിൽ മറ്റാർക്കും കൈവരാത്ത സൗഭാഗ്യം.

ഞാൻ ജീവിതം മടുത്തു; മരിക്കാൻ എനിക്ക് ഭയമാണ്. വളരെ പഴയതും ഏറെ പ്രചരിച്ചതുമായ ഈ വരികൾ വിശ്വാസികളെ സംബന്ധിച്ച് നിരർത്ഥകമാണ്. നല്ല മരണത്തിന്റെ മധ്യസ്ഥനായ വി. യൗസേപ്പിന്റെ മധ്യസ്ഥത വഴി ആനന്ദകരമായ മരണത്തിനുള്ള കൃപാവരം എല്ലാവർക്കും നേടാം. പതിനേഴാം നൂറ്റാണ്ട് മുതൽ അനേകം കത്തോലിക്കാ സമൂഹങ്ങൾ ആനന്ദകരമായ മരണത്തിനായി വിശുദ്ധ യൗസേപ്പിന്റെ മാധ്യസ്ഥം തേടിയതായി സഭയുടെ പാരമ്പര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പയസ് ഒമ്പതാമൻ മാർപാപ്പയാണ് 1870ൽ വിശുദ്ധ യൗസേപ്പിനെ സഭയുടെ സംരക്ഷകനും പരിപാലകനുമായ പ്രഖ്യാപിച്ചത്. ഫ്രാൻസിസ് മാർപാപ്പ 2021, വി യൗസേപ്പിന്റെ വർഷമായി പ്രഖ്യാപിച്ചു.

വി യൗസേപ്പ് പിതാവിന്റെ മരണരംഗം മരിയ വാൾതോർത്തയ്ക്ക്‌ ദർശനമായി ലഭിച്ചത് 'ദൈവ മനുഷ്യന്റെ സ്നേഹഗീത' എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട് :

ഒരു ആശാരിയുടെ പണിപ്പുര, അതിന്റെ ഒരു ഭാഗം ഞാൻ കാണുന്നു.അതിന്റെ രണ്ടു ഭിത്തികൾ പാറ ആണെന്ന് തോന്നുന്നു. നേരത്തെ ഉണ്ടായിരുന്ന ഒരു ശിലാഗുഹ ഒരു മുറിയായി രൂപാന്തരപ്പെടുത്തിയതു പോലെ തോന്നിക്കുന്നു. ഈശോ ഒരു വലിയ പണിബെഞ്ചിൽ തടി വച്ചു പണിതു കൊണ്ടിരിക്കുന്നു. പണിതീർന്ന പലകകൾ പിന്നിലുള്ള ഭിത്തിയിൽ ചാരിവയ്ക്കുന്നു. തിരക്കിട്ട് പണിതു കൊണ്ടിരിക്കുമ്പോൾ അമ്മ കയറി വരുന്നു. അവൾ മകന്റെ അടുത്തേക്ക് തിടുക്കത്തിൽ നടക്കുന്നു. കടും നീല ഉടുപ്പാണ് ധരിച്ചിരിക്കുന്നത് എന്നാൽ ശിരോവസ്ത്രം ഇല്ല. ഓ! ഈശോ, വരൂ അദ്ദേഹത്തിന് അസുഖം വളരെ കൂടുതലാണ്. ഈശോ അമ്മേ! എന്ന് മാത്രം പറയുന്നു.

അടുത്തുള്ള മുറിയിലേക്ക് അവർ പോകുന്നു. അടുക്കള തോട്ടത്തിലേക്ക് തുറന്നുകിടക്കുന്ന വാതിലിലൂടെ ധാരാളം സൂര്യപ്രകാശം മുറിയിലേക്ക് കയറുന്നുണ്ട്. ദരിദ്രമായ മുറിയാണ്, എന്നാൽ ഏറെ ശുചിത്വവും ക്രമവും ഉണ്ട്. താഴ്ന്ന ഒരു കിടക്ക കാണാം. ചെറിയ മെത്തകൾ വിരിച്ചിരിക്കുന്നു. കിടക്കയിൽ കുറെ കുഷ്യനുകൾ വച്ചിട്ടുള്ളവയിൽ ചാരി ജോസഫ് കിടക്കുന്നു. മുഖം വിളറിയും കരിവാളിച്ചും ഇരിക്കുന്നു. കണ്ണുകൾ ചൈതന്യ രഹിതമാണ്. വലിവും ശ്വാസംമുട്ടലും ഉണ്ട്. ശരീരമൊന്നാകെ തന്നെ നിശ്ചലമായിരിക്കുന്നു. മേരി ജോസഫിന്റെ ഇടതു വശത്തു നിന്നു കൊണ്ട് ചുളിവ് വീണ കരം കയ്യിൽ ചേർത്ത് തടവുകയും തലോടുകയും ചുംബിക്കുകയും ചെയ്യുന്നു. വിരലിന്റെ നഖത്തോട് അടുത്ത ഭാഗങ്ങൾ കരിവാളിച്ചിട്ടുണ്ട്.ഇരു ചെന്നികളിലും വിയർപ്പ് പൊടിച്ചുനിൽക്കുന്നത് ഒരു ചെറിയ തുണി കഷ്ണം കൊണ്ട് തുടയ്ക്കുന്നു. ഈശോ ജോസഫിന്റെ വലതുവശത്ത് നിൽക്കുന്നു. ഇടിഞ്ഞു പോയ ശരീരം വളരെ സൂക്ഷിച്ചും വേഗത്തിലും ഈശോ പൊക്കി നേരെ കിടത്തുന്നു. ഈശോയും മേരിയും കൂടെ മെത്തയും വിരിയും ശരിപ്പെടുത്തി വയ്ക്കുന്നു. മരണാസന്നനായ ജോസഫിന്റെ നെറ്റി ഈശോ തലോടുന്നു. മേരി ശബ്ദം ഒന്നും കേൾപ്പിക്കാതെ കരയുന്നു. കണ്ണീർ കണങ്ങൾ വിളറിയ മുഖത്തിലൂടെ ഒഴുകി നീല ഉടുപ്പിൽ പതിക്കുന്നു. ജോസഫ് ഈശോയെ നോക്കിക്കൊണ്ട് എന്തോ പറയാൻ എന്നപോലെ ഈശോയുടെ കയ്യിൽ പിടിക്കുന്നു. ഈശോ കുനിഞ്ഞ് ആ കരം ചുംബിക്കുന്നു. ജോസഫ് പുഞ്ചിരിക്കുന്നു. അനന്തരം തിരിഞ്ഞ് മേരി എവിടെയെന്ന് നോക്കുന്നു. മേരിക്കും ഒരു പുഞ്ചിരി സമ്മാനിക്കുന്നു. മേരി പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് കിടക്കയുടെ സമീപം മുട്ടുകുത്തുന്നു.

മേരിക്ക് പുഞ്ചിരിക്കാൻ കഴിയുന്നില്ല. തലകുനിച്ചു നിൽക്കുന്നു; ജോസഫ് തന്റെ കരം അവളുടെ ശിരസ്സിൽ വച്ച് അതി വിശുദ്ധമാം വിധം തലോടുന്നു. ഈശോ കിടക്കയുടെ മറുവശത്ത് ചെന്ന് ഒരു സ്റ്റൂൾ എടുത്തു കൊണ്ടുവന്നു. മേരിയെ അതിന്മേൽ ഇരുത്തി അമ്മേ! എന്ന് വിളിക്കുക മാത്രം ചെയ്യുന്നു. പിന്നീട് പൂർവസ്ഥാനത്ത് ചെന്ന് നിന്ന് ജോസഫിന്റെ കരം സ്വന്തം കരങ്ങളിൽ ഗ്രഹിക്കുന്നു. ഈശോ കുനിഞ്ഞ് മരണാസന്നനായ ജോസഫിന്റെ ചെവിയിൽ താണ സ്വരത്തിൽ ഒരു സങ്കീർത്തനം ചൊല്ലുന്നു. "കർത്താവേ എന്നെ കടാക്ഷിക്കേണമേ, എന്തെന്നാൽ എന്റെ പ്രതീക്ഷ അങ്ങിൽ ഞാൻ വെച്ചു. ഭൂമിയിലായിരിക്കുന്ന തന്റെ സ്നേഹിതർക്കായി എന്റെ എല്ലാ ആഗ്രഹങ്ങളും അത്ഭുതമാം വിധത്തിൽ അവിടുന്ന് നിറവേറ്റി. എന്റെ ഉപദേഷ്ടാവായ കർത്താവിനെ ഞാൻ സ്തുതിക്കും. കർത്താവ് എപ്പോഴും എന്റെ മുമ്പിലുണ്ട്. ഞാൻ വീഴാതിരിക്കാൻ അവിടുന്ന് എന്റെ വലതുഭാഗത്ത് ഉണ്ട്." ജോസഫ് അല്പം മന്ദഹസിക്കുകയും സജീവമായ നേത്രത്തോടെ ഈശോയെ നോക്കുകയും അവിടുത്തെ വിരലുകൾ അമർത്തി പിടിക്കുകയും ചെയ്യുന്നു. ഈശോ സങ്കീർത്തനം തുടർന്നും ചൊല്ലുന്നു.

മേരി ജോസഫിന്റെ മേലുള്ള പുതപ്പുകളിൻമേൽ കമിഴ്ന്നു കിടന്നു കരയുന്നു. ശരീരം തണുത്തു തുടങ്ങി. ജോസഫ് വളരെ പ്രയാസപ്പെട്ടാണ് ശ്വാസം എടുക്കുന്നത്. കണ്ണുകളുടെ പ്രകാശം മങ്ങി തുടങ്ങി. ഈശോ അപ്പനെ ആശ്വസിപ്പിക്കാൻ തത്രപ്പെടുന്നു. "നീതിമാനായ മനുഷ്യൻ എന്നും അനുസ്മരിക്കപ്പെടും, അവന്റെ നീതി നിത്യമായിരിക്കും. അവന്റെ ശക്തി വർധിക്കുകയും അത് അവന് മഹത്വമായി പരിണമിക്കുകയും ചെയ്യും. അപ്പാ, അപ്പന് ആ മഹത്വം ഉണ്ടായിരിക്കും. അങ്ങയെ കൂട്ടിക്കൊണ്ടു പോകുവാൻ ഞാൻ വേഗം വരും. അങ്ങേയ്ക്ക് മുമ്പേ കടന്നുപോയ പിതാക്കന്മാരോടു കൂടി അങ്ങയെ കാത്തിരിക്കുന്ന മഹത്വത്തിലേക്ക് ഞാൻ ആനയിക്കും. എന്റെ വാക്കുകളിൽ അങ്ങേ അരൂപി ആനന്ദിക്കട്ടെ. ദൈവത്തിന്റെ നീതിമാനായ, എന്റെ അനുഗൃഹീതനായ പിതാവേ, നിന്നെ ഞാൻ വേഗം വന്ന് ദൈവീകമായ ആശ്ലേഷം നൽകി കൂട്ടിക്കൊണ്ടുപോകും. എല്ലാ പിതാക്കന്മാരുടെയും നായകനായി നിനക്കായ് ഒരുക്കപ്പെട്ടിരിക്കുന്ന ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഇപ്പോൾ നിന്നെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുന്ന രക്ഷകനെ പ്രതി പിതാവായ ദൈവം ഭാവി ജീവിതത്തിൽ നിന്നെ മഹത്വപ്പെടുത്തും. വളരെ വേഗം വന്ന് നിന്നെ കൂട്ടിക്കൊണ്ടുപോകും എന്ന് ഞാൻ ആവർത്തിച്ചു പറയുന്നു. രക്ഷകൻ ലോകത്തിൽ ഉണ്ടെന്നും ദൈവരാജ്യം അവർക്കായി ഉടനെ തുറക്കപ്പെടും എന്നും എനിക്കു മുമ്പേ പോയി പിതാക്കന്മാരോടു പറയുക. അപ്പാ പോവുക; എന്റെ അനുഗ്രഹം അപ്പനെ അനുഗമിക്കട്ടെ." ജോസഫിന്റെ ഹൃദയത്തിലെത്താനായി ഈശോ സ്വരമുയർത്തി പറയുന്നു മരണത്തിന്റെ പിടിയിലേക്ക് ജോസഫ് താഴ്ന്നുകൊണ്ടിരിക്കുന്നു. അവസാനം വളരെ അടുത്തു; വേദനയോടെ കിതയ്ക്കുന്നു. മേരി ജോസഫിനെ തലോടുന്നു; ഈശോ കിടക്കയുടെ അരികിൽ ഇരുന്ന് അപ്പനെ ആശ്ലേഷിക്കുകയും തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. ജോസഫ് തളർന്നു വീഴുന്നു, സമാധാനമായി മരിക്കുന്നു. ആ മുറി നിറയെ വലിയ സമാധാനം അനുഭവപ്പെടുന്നു. ഈശോ പിതാവിനെ കിടത്തിയശേഷം മേരിയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുന്നു. അവസാന നിമിഷത്തിൽ തകർന്ന ഹൃദയത്തോടെ മേരി ഈശോയുടെ അടുത്ത് ഇരിക്കുന്നു.

ജോസഫ് വിതുമ്പിക്കൊണ്ട് ഈശോയെ നോക്കുകയും അവിടുത്തോട് സംസാരിക്കാൻ വീണ്ടും ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ അതിന് കഴിയുന്നില്ല. ഈശോ പറയുന്നു എന്റെ അപ്പാ... എന്റെ പേരിലും എന്റെ അമ്മയുടെ പേരിലും ഞാൻ നന്ദി പറയുന്നു. എനിക്ക് നീ നീതിമാനായ പിതാവായിരുന്നു. നിത്യ പിതാവ് തന്റെ ക്രിസ്തുവിന്റെയും തന്റെ പേടകത്തിന്റെയും സൂക്ഷിപ്പുകാരനായി നിന്നെ തിരഞ്ഞെടുത്തു. അവനു വേണ്ടി തെളിക്കപ്പെട്ട വിളക്കാണ് നീ. പരിശുദ്ധമായ ഉദരത്തിന്റെ ഫലത്തോട് സ്നേഹമുള്ള ഒരു ഹൃദയം നിനക്ക് ഉണ്ടായിരുന്നു. അപ്പാ, സമാധാനത്തിൽ പോവുക. നിന്റെ വിധവ നിസ്സഹായയായി തീരുകയില്ല. അവൾ ഏകാകിനി ആകാതിരിക്കാൻ അവിടുന്ന് ക്രമീകരിച്ചിട്ടുണ്ട്. നിന്റെ വിശ്രമത്തിലേക്ക് സമാധാനമായി പോവുക എന്ന് ഞാൻ പറയുന്നു.

ആധാരം :- ദൈവ-മനുഷ്യന്റെ സ്നേഹഗീത:- മരിയ വാൾ തോർത്തയുടെ പുസ്തകം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26