ജയ്പൂര്: ജയിലില്‍ പാചക ജോലിക്ക് പിന്നോക്ക ജാതിയില്‍ പെട്ടവരെ വിലക്കിയിരുന്ന 120 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ ഭേദഗതി. രാജസ്ഥാനില്‍ ജയില്‍ അന്തേവാസികളായ പിന്നാക്കവിഭാഗക്കാരെ പാചക ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന നിയമമാണ് 2021 ജനുവരിയില്‍ അധികൃതര്‍ ഭേദഗതി ചെയ്തത്.
രാജസ്ഥാനിലെ ജയിലുകളില്‍ ബ്രിട്ടീഷ് ഭരണം ഉണ്ടായിരുന്ന കാലത്ത് രൂപീകരിച്ച നിയമത്തിലാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. 120 വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നു എന്നതാണ് കൗതുകകരവും വിചിത്രവുമായ സംഗതി. ജാതി അടിസ്ഥാനത്തില്‍ തടവുപുള്ളികളെ വേര്‍തിരിക്കുന്ന നിയമം 2021 ജനുവരിയിലാണ് ഭേദഗതി ചെയ്യുന്നത്. രാജസ്ഥാന്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ ആയ രാജീവ് ദസോത്ത് ആണ് നിയമഭേദഗതിക്ക് വേണ്ടി പരിശ്രമിച്ചത്.
'ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും പുതിയ നിയമങ്ങള്‍ രൂപീകരിക്കുകയും ചെയ്തിട്ടും തടവുകാര്‍ക്കിടയില്‍ ജാതി അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്ന രീതി രാജസ്ഥാന്‍ ജയില്‍ നിയമം 1951 പ്രകാരം തുടരുകയായിരുന്നു. 1894 ലെ പ്രിസണ്‍സ് ആക്റ്റ് (1894 ലെ സെന്‍ട്രല്‍ ആക്റ്റ് നമ്പര്‍ 9) പ്രകാരം നിര്‍മിക്കപ്പെട്ട നിയമമാണിതെന്ന് രാജീവ് ദസോത്ത് പറയുന്നു. ഈ വര്‍ഷം ജനുവരിയില്‍ തുടങ്ങിയ ശ്രമങ്ങള്‍ ഫെബ്രുവരി മാസത്തോടെ ഭേദഗതി ചെയ്യപ്പെടുകയായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ടും 120 വര്‍ഷം പഴക്കമുള്ള വിവേചനം തുടര്‍ന്നു എന്നതാണ് ഇപ്പോഴും അധിശയം.
ജയിലില്‍ പാചകം ചെയ്യാനുള്ള ചുമതല ബ്രാഹ്മണര്‍ക്കോ അല്ലെങ്കില്‍ ഉയര്‍ന്ന ഹിന്ദു ജാതിയില്‍ പെട്ടവര്‍ക്കോ ആയിരിക്കുമെന്ന് ഈ നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്. മാത്രമല്ല, പിന്നാക്ക ജാതിയില്‍ പെട്ടവര്‍ക്ക് ശുചീകരണ ജോലികളും മാറ്റിവെച്ചിരുന്നു. രാജസ്ഥാന്‍ ഹൈക്കോടതിയും ചില എന്‍ജിഒ സംഘടനകളുമാണ് വിവേചനത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയത്. ഉടന്‍ തന്നെ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ രാജീവ് ദസോത്ത് ആരംഭിക്കുകയായിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഇത് വളരെ ഗൗരവമായി എടുക്കുകയും 20 ദിവസത്തിനുള്ളില്‍ നിയമം ഭേദഗതി ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നതായും ദസോത്ത് പറയുന്നു.
2021 ഫെബ്രുവരി 12 ന് സംസ്ഥാന സര്‍ക്കാര്‍ രാജസ്ഥാന്‍ ജയില്‍ നിയമങ്ങള്‍ 1951 ഭേദഗതി ചെയ്യുകയും 2021 ല്‍ രാജസ്ഥാന്‍ ജയിലുകള്‍ (ഭേദഗതി) നിയമങ്ങള്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പുതിയ ഭേദഗതി പ്രകാരം പാചകം അടക്കമുള്ള ജോലികള്‍ക്ക് തടവുകാരെ നിയോഗിക്കുന്നതിന് ജാതിയോ മതമോ മാനദണ്ഡമാകരുതെന്ന് വ്യക്തമാക്കുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടും നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോഡും ഭേദഗതിയെ പ്രശംസിച്ച് രംഗത്തെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.