മാറുന്ന കൊച്ചിക്ക് ഒരുമുഴം മുന്നേ കൊച്ചി മെട്രോ !

മാറുന്ന കൊച്ചിക്ക് ഒരുമുഴം മുന്നേ കൊച്ചി മെട്രോ !

കൊച്ചി: സൈക്കിള്‍ ഉപയോഗം ശീലമാക്കാന്‍ ആഗ്രഹിക്കുന്ന കൊച്ചീക്കാര്‍ക്ക് അതിനൊരു സുവര്‍ണ്ണാവസരം കൈവന്നിരിക്കുകയാണ്. കൊച്ചി മെട്രോയില്‍ യാത്രക്കാര്‍ക്ക് സൈക്കിളുകള്‍ കൊണ്ടുപോകാന്‍ അനുമതി ലഭിച്ചു എന്ന വാര്‍ത്ത എല്ലാവരും അറിഞ്ഞതാണ്. സൗജന്യമായ ഈ സേവനം ആദ്യഘട്ടമെന്ന നിലയില്‍ കൊച്ചി മെട്രോയുടെ ആറ് സ്റ്റേഷനുകളിലായിരുന്നു നടപ്പാക്കിയിരുന്നത്. എന്നാല്‍ ഇനി സ്റ്റേഷനില്‍ നിന്ന് തന്നെ സൈക്കിള്‍ തയ്യാറാണ്. കൊച്ചി മെട്രോയും കൊച്ചി സ്മാര്‍ട് സിറ്റി മിഷന്‍ ലിമിറ്റഡും ചേര്‍ന്നാണ് ഇതിനായി അവസരം ഒരുക്കിയിരിക്കുകയാണ്. അഹമ്മദാബാദ് കേന്ദ്രീകരിച്ചുള്ള മൈ ബൈക്ക് എന്ന സ്റ്റാര്‍ട്ടപ്പുമായി ചേര്‍ന്നാണു പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 1000 സൈക്കിളുകളാണ് മെട്രോ സ്റ്റേഷനുകളിലും പ്രധാന ബസ് ഷെല്‍ട്ടറുകളിലുമായി ലഭ്യമാക്കിയിരിക്കുന്നത്.



മലയാളിയുടെ ആരോഗ്യശീലത്തിലെ മാറ്റം ലക്ഷ്യമിട്ടാണ് കൊച്ചി മെട്രോ സൈക്കിള്‍ ഉപയോഗം പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. മെട്രോയില്‍ സൈക്കിള്‍ കയറ്റാം എന്ന നിലപാടെടുത്തതും ഇതിന്റെ ഭാഗമായാണ്. ഒരു മെട്രോ സ്റ്റേഷനില്‍ ചെന്നിറങ്ങിയാല്‍ സൈക്കിള്‍ ഓടിച്ചു പോകാനുള്ള ദൂരത്തിലുള്ള സ്ഥലങ്ങളിലാണ് പോകേണ്ടതെങ്കില്‍ സൈക്കിള്‍ കയറ്റാനുള്ള സൗകര്യം യാത്രക്കാര്‍ക്ക് ഏറെ ഉപകാരമായിരുന്നു. സൈക്കിള്‍ ഷെയറിങ് പദ്ധതിയും സമാന അവസരമാണ് നല്‍കുന്നത്.



മണിക്കൂര്‍ നിരക്കിനു പുറമേ ആഴ്ച, മാസ വരിസംഖ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ സൈക്കിള്‍ ഓഫിസിലേയ്‌ക്കോ വീട്ടിലേയ്‌ക്കൊ കൊണ്ടുപോയി സൂക്ഷിക്കുന്നതിനും ഉള്ള സൗകര്യമായി. ആദ്യ ഘട്ടത്തില്‍ സമാന പദ്ധതിയുമായി രംഗത്തെത്തിയത് ഒരു സൈക്കിള്‍ ക്ലബ്ബായിരുന്നു. ആക്‌സിസ് ബാങ്കുമായി സഹകരിച്ച് നടപ്പാക്കിയ സൈക്കിള്‍ ഷെയറിങ് പദ്ധതി വിജയകരമായിരുന്നു. അടുത്ത ഘട്ടത്തില്‍ സിഎസ്എംഎല്ലുമായി ചേര്‍ന്ന് മറ്റൊരു കമ്പനി പദ്ധതി നടപ്പാക്കുകയായിരുന്നു. ഇതിനെല്ലാം സ്ഥലം അനുവദിക്കുക മാത്രമാണ് കൊച്ചി മെട്രോ ചെയ്തത്. പദ്ധതി കൊച്ചി മെട്രോയും സ്മാര്‍ട് സിറ്റിയും ചേര്‍ന്ന് നടത്താന്‍ തീരുമാനിച്ചതോടെ ടെണ്ടര്‍ വിളിക്കുകയായിരുന്നു. ഇതില്‍ ഉപയോക്താക്കള്‍ക്ക് ഉപകാരമാകുന്ന മികച്ച ആശയങ്ങള്‍ മുന്നോട്ടു വയ്ക്കുകയും മുന്‍പരിചയമുള്ളതിനാലുമാണ് മൈ ബൈക്ക് തിരഞ്ഞെടുക്കപ്പെട്ടത്.



ഹൈദരാബാദില്‍ 2014 മുതല്‍ സൈക്കിള്‍ ഷെയറിങ് പദ്ധതി നടപ്പാക്കുന്ന കമ്പനിയാണ് കൊച്ചിയില്‍ പദ്ധതി നടപ്പാക്കുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് ഇവര്‍ സൈക്കിള്‍ ഷെയറിങ് നടപ്പാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. 22 മെട്രോ സ്റ്റേഷനുകള്‍ക്കു പുറമേ മറൈന്‍ ഡ്രൈവ്, ക്യൂന്‍സ് വോക്ക് വേ, എറണാകുളം ബോട്ട് ജെട്ടി, കുസാറ്റ് എന്നിവടങ്ങളിലും സൈക്കിളുകള്‍ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ടെര്‍മിനലുകള്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ തീരുമാനം. കെഎംആര്‍എല്ലും സിഎസ്എംഎല്ലും ചേര്‍ന്നാണു സൈക്കിളുകള്‍ വാങ്ങുന്നത്. നടത്തിപ്പ് ചുമതലയാണു സ്റ്റാര്‍ട്ടപ്പിനുള്ളത്. മൊബൈല്‍ ആപില്‍ ലോഗിന്‍ ചെയ്താല്‍ തൊട്ടടുത്തുള്ള സൈക്കിള്‍ ഡോക്ക് ഏതാണെന്ന് അറിയാന്‍ കഴിയും.


ആര്‍ക്കും എളുപ്പത്തില്‍ സൈക്കിള്‍ എടുത്ത് ഉപയോഗിക്കാവുന്ന ജിപിഎസ് ലോക്കിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഇതിനകം 360 സൈക്കിളുകള്‍ എത്തിച്ചിട്ടുണ്ട്. 6 സൈക്കിളുകള്‍ വീതമുള്ള 60 ടെര്‍മിനലുകളാണു മെട്രോ പാതയില്‍ ഉള്ളത്. മൈ ബൈക്ക് ആപ് വഴി റജിസ്റ്റര്‍ ചെയ്തു മണിക്കൂറിന് 2 രൂപ നിരക്കില്‍ സൈക്കിള്‍ ഓടിക്കാം. ഇതിന് ആദ്യം ഡിപ്പോസിറ്റ് തുകയായി 500 രൂപ അടയ്ക്കണം. ഈ തുക സേവനം വേണ്ടെന്നു വയ്ക്കുമ്പോള്‍ തിരികെ ലഭിക്കും. മൂന്നു പ്ലാനുകളാണ് മൈബൈക്ക് ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മണിക്കൂറിന് 2 രൂപ ഈടാക്കുന്ന 15 രൂപയുടെ സ്‌കീമും 199, 499 രൂപ പാക്കേജുകളുമാണുള്ളത്. 199 രൂപയ്ക്കു ഒരാഴ്ചത്തേക്കു സൈക്കിള്‍ വീട്ടിലൊ ഓഫിസിലോ സൂക്ഷിച്ചു ഉപയോഗിക്കാം. 499 രൂപയ്ക്കു ഇതേ ആനുകൂല്യം ഒരു മാസത്തേക്കു ലഭ്യമാകും. ഇതിനിടെ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ സമീപത്തുള്ള ടെര്‍മിനില്‍ വച്ച് മറ്റൊരെണ്ണം എടുക്കാം. ഇപ്പോള്‍ മൈബൈക്ക് ആപ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.