ആലുവ: കത്തോലിക്കാ സഭയുടെ മൂന്ന് റീത്തുകൾക്കായി സ്ഥാപിക്കപ്പെട്ട ലോകത്തെ ഏക വിദ്യാപീഠമെന്ന ബഹുമതി ആലുവയിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫിക്ക് കൈവന്നിരിക്കുകയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

ആലുവയിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫി ആസ്ഥാന മന്ദിരത്തിന്റെ ആശീർവാദവും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനരൂപത്തിൽ റഷ്യയിൽ സ്ഥാപിക്കാനായി ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെ വർത്തിക്കാൻ റഫർ ചെയ്തിട്ടുണ്ടെന്നു പറഞ്ഞ ആർച്ച് ബിഷപ് ഒരു കത്തോലിക്കാ സർവകലാശാലയായി ആലുവായിലെ ആസ്ഥാനമന്ദിരം ഉയരട്ടെയെന്നും ആശംസിച്ചു.

കെ.ആർ.എൽ.സി.ബി.സി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ റോമിൽ നിന്ന് അനുവദിച്ചുകിട്ടിയ നിയമ സംഹിതയുടെ പ്രകാശനം നിർവഹിച്ചു. കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, ബത്തേരി ബിഷപ് ജോസഫ് മാർ തോമസ്, മംഗലപ്പുഴ സെമിനാരി റെക്ടർ റവ. ഡോ. സെബാസ്റ്റ്യൻ തോമസ് പാലമൂട്ടിൽ, കാർമൽഗിരി സെമിനാരി റെക്ടർ റവ. ഡോ. ചാക്കോ പുത്തൻപുരയ്ക്കൽ, പ്രസിഡന്റ് റവ ഡോ. ടോമി പോൾ കക്കാട്ടുതടത്തിൽ, വൈസ് പ്രസിഡന്റ് റവ. ഡോ. ജോസഫ് ജോയി അറയ്ക്കൽ, നഗരസഭാ കൗൺസിലർ ഗെയിൽസ് ദേവസ്യ എന്നിവർ പ്രസംഗിച്ചു.

1972 ജൂണിൽ ആരംഭിച്ച പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫിക്ക് കേന്ദ്ര ഓഫീസ് എന്നത് നാളുകളായുള്ള ആവശ്യമായിരുന്നു. കെസിബിസിക്കാണ് ഇതിന്റെ ഭരണ ചുമതല.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.