ധര്‍മടത്ത് പിണറായിക്കെതിരെ സി. രഘുനാഥ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 ധര്‍മടത്ത് പിണറായിക്കെതിരെ സി. രഘുനാഥ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കണ്ണൂര്‍: ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡിസിസി സെക്രട്ടറി സി. രഘുനാഥ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

പത്രികാ സമര്‍പ്പണത്തിന് രണ്ടുദിവസംമാത്രം ബാക്കിനില്‍ക്കെയാണ് ധര്‍മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നവെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

സുധാകരനുള്‍പ്പെടെയുള്ളവര്‍ സി.രഘുനാഥിനെയാണ് പിന്തുണച്ചത്. ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നതില്‍ മണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായായി രംഗത്തെത്തിയിരുന്നു.പാര്‍ട്ടിയുടെ നയത്തില്‍ പ്രതിഷേധിച്ച് മെഹറൂഫ് എന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വിമതനായി പത്രിക നല്‍കാനും തിരുമാനിച്ചിരുന്നു.

വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച രണ്ട് കുട്ടികളുടെ അമ്മയും മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി ധര്‍മടത്ത് മത്സരിക്കുന്നുണ്ട്. ഇവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മണ്ഡലത്തില്‍ പിണറായിയും ബി.ജെ.പി. സ്ഥാനാര്‍ഥി സി.കെ.പദ്മനാഭനും പ്രചാരണം തുടങ്ങിയിട്ടുണ്ട്.

കെ.എസ്.യുവിലൂടെയായിരുന്നു സി. രഘുനാഥിന്റെ രാഷ്ട്രീയത്തുടക്കം. ഗവ. ബ്രണ്ണന്‍ കോളേജില്‍ കെ.എസ്.യുവിന്റെ യൂണിയന്‍ ചെയര്‍മാനായിരുന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ്‌സര്‍വകലാശാലാ സെനറ്റ് മെമ്പര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി. കെപിസിസി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.ധര്‍മടം മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായിരുന്നു.

മാമ്പയില്‍ ചന്തുക്കുട്ടി നമ്പ്യാരുടെയും പരേതയായ ഇല്ലത്ത് കാര്‍ത്യായനി അമ്മയുടെയും മകനാണ്.63 വയസുള്ള രഘുനാഥ് മോണിക്കയാണ് ഭാര്യ. അര്‍ജുന്‍ രഘുനാഥ്, നിരഞ്ജന്‍ രഘുനാഥ് എന്നിവര്‍ മക്കളാണ്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.