'ശൗചാലയം സ്വന്തമായി പണിതോളാം...അതിന്റെ പേരില്‍ പെട്രോള്‍ വില കൂട്ടേണ്ട'; ബാഗിന് പിന്നില്‍ നോട്ടീസ് പതിച്ച് യുവാവിന്റെ ബൈക്ക് യാത്ര

 'ശൗചാലയം സ്വന്തമായി പണിതോളാം...അതിന്റെ പേരില്‍ പെട്രോള്‍ വില കൂട്ടേണ്ട';  ബാഗിന് പിന്നില്‍ നോട്ടീസ് പതിച്ച് യുവാവിന്റെ ബൈക്ക് യാത്ര

കൊച്ചി: ഇന്ധന വിലക്കയറ്റത്തിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന നികുതിപ്പണം രാജ്യത്ത് ശൗചാലയം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുകയാണെന്ന ബിജെപി നേതാക്കളുടെ ന്യായീകരണ വാദത്തെ പരിഹസിക്കാനും പ്രതിഷേധം അറിയിക്കാനും തികച്ചും വ്യത്യസ്തമായ സമര രീതിയുമായി യുവാവ്.

'മൂന്ന് ശൗചാലയം നിലവിലുണ്ട്. നാലാമത് വേണമെങ്കില്‍ സ്വന്തം ചെലവില്‍ നിര്‍മ്മിച്ചോളാം. പെട്രോള്‍ ലിറ്ററിന് 50 രൂപക്ക് നല്‍കൂ'- തന്റെ ബാഗിന് പിന്നില്‍ പേപ്പറില്‍ ഇങ്ങനെ എഴുതി പതിച്ചാണ് മുന്‍ ക്ഷേത്രം ശാന്തിയും ഫിറ്റ്‌നസ് ട്രെയിനറുമായ അനു സൂരജിന്റെ ഇപ്പോഴത്തെ ബൈക്ക് യാത്ര. നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് അനു സൂരജ്.

ലിറ്ററിന് 50 രൂപയ്ക്ക് പെട്രോള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയിട്ടും വിലക്കയറ്റം തടയാത്ത സര്‍ക്കാറിനെതിരെയാണ് ഈ ഒറ്റയാള്‍ പോരാട്ടം. ഇന്ധന വിലക്കയറ്റത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ശൗചാലയം നിര്‍മിക്കുന്നതിന് പണം ചെലവിടുകയാണെന്ന് ന്യായീകരിച്ച ബിജെപി നേതാക്കളെ പേരെടുത്ത് പറയാതെ അദ്ദേഹം പരിഹസിക്കുന്നു.

തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമില്ല. ഏതാനും നാളുകളായി ഈ പ്രതിഷേധം തുടങ്ങിയിട്ട്. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ വേണ്ടി മാത്രം വാഗ്ദാനം ചെയ്ത് ജനങ്ങളെ വിഡ്ഢികളാക്കരുത്.

ഇത്രയും നാള്‍ ഉപയോഗിച്ചിരുന്ന ന്യൂജന്‍ ബൈക്ക് ഉപേക്ഷിച്ച് താരതമ്യേന മൈലേജ് കൂടുതല്‍ കിട്ടുന്ന ബൈക്കിലാണ് ഇപ്പോള്‍ യാത്ര. അനുവിന്റെ അച്ഛന്‍ പരേതനായ കെ.ആര്‍. പവനന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനായിരുന്നു. രാജ്യത്തിനുവേണ്ടി കഷ്ടപ്പെട്ട അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഭരണാധികാരികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമായിരുന്നു.

അമ്മ ലതിക റിട്ട. സംസ്‌കൃതം അധ്യാപികയാണ്. താനൊരു തികഞ്ഞ ഹൈന്ദവ വിശ്വാസിയാണ്. വര്‍ഗീയതയിലൂടെ ഭരണം നേടുന്നവര്‍ക്കെതിരെകൂടിയാണ് തന്റെ പ്രതിഷേധമെന്നും അനു സൂരജ് വ്യക്തമാക്കുന്നു. കുഞ്ചന്‍ നമ്പ്യാരുടെ കേരളത്തില്‍ ആക്ഷേപഹാസ്യത്തിലൂടെ പ്രതിഷേധിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.