ബിജെപി ബഡാ ക്രോര്‍പതി; ആസ്തി 2904 കോടി

ബിജെപി ബഡാ ക്രോര്‍പതി; ആസ്തി 2904 കോടി


കൊച്ചി: രാജ്യത്ത് അര നൂറ്റാണ്ട് അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെക്കാള്‍ മൂന്നിരട്ടി സമ്പത്ത് ചെറിയ കാലയളവില്‍ ബിജെപി സമ്പാദിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ബിജെപിക്കുള്ളത് 2904.18 കോടി രൂപയുടെ ആസ്തിയാണ്. കോണ്‍ഗ്രസിനുള്ളത് 928.84 കോടി രൂപയുടെ ആസ്തിയാണ്. ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് 738 കോടി രൂപയുടെ സ്വത്തുണ്ട്. ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കും ചേര്‍ന്നുള്ള സമ്പത്തിന്റെ 54.29 ശതമാനം ബിജെപിയുടെ കയ്യിലാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കുകള്‍ വിശകലനം ചെയ്തു സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആര്‍) ഓരോ പാര്‍ട്ടിയുടെയും ആസ്തി വെളിപ്പെടുത്തിയത്. ഏഴ് ദേശീയ പാര്‍ട്ടികള്‍ക്ക് 5349.25 കോടി രൂപയുടെയും 41 പ്രാദേശിക പാര്‍ട്ടികള്‍ക്ക് 2073.71 കോടി രൂപയുടെയും ആസ്തിയുണ്ട്. ദേശീയ പാര്‍ട്ടികളില്‍ സിപിഎം (510.71 കോടി), തൃണമൂല്‍ കോണ്‍ഗ്രസ് (210.19 കോടി), എന്‍സിപി (32.01 കോടി), സിപിഐ (25.32 കോടി) എന്നിങ്ങനെയാണ് സമ്പത്ത്.
പ്രാദേശികമായി എസ്പി മുന്നില്‍

പ്രാദേശിക പാര്‍ട്ടികളില്‍ സമാജ്വാദി പാര്‍ട്ടിയാണ് (എസ്പി) ഏറ്റവും വലിയ ധനികന്‍. 572.21 കോടി രൂപയാണ് എസ്പിയുടെ ആസ്തി. പ്രാദേശിക പാര്‍ട്ടികളുടെ മൊത്തം ആസ്തിയുടെ 28.28 ശതമാനം എസ്പിയുടെ കയ്യിലാണ്. ബിജെഡി (232.27 കോടി), അണ്ണാ ഡിഎംകെ (206.75 കോടി) എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

തെലുങ്കുദേശം (193.27കോടി), ഡിഎംകെ (190.38 കോടി), ടിആര്‍എസ് (188.73 കോടി), ശിവസേന (173.08 കോടി), വൈഎസ്ആര്‍ കോണ്‍ഗ്രസ് (93.49 കോടി), ജെഡിഎസ് (38.01 കോടി), ജെഡിയു (32.81 കോടി), ആം ആദ്മി പാര്‍ട്ടി (10.11കോടി), മുസ്ലിം ലീഗ് (5.43 കോടി) എന്നിങ്ങനെയാണു പ്രദേശിക പാര്‍ട്ടികളുടെ ആസ്തികള്‍.

ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സ്ഥിര നിക്ഷേപം ബഹുജന്‍ സമാജ്വാദി പാര്‍ട്ടിക്കാണ് 608.27 കോടി രൂപ. ബിജെപി (573.77 കോടി), കോണ്‍ഗ്രസ് (218.65 കോടി) എന്നിങ്ങനെയാണു മറ്റു പാര്‍ട്ടികളുടെ സ്ഥിര നിക്ഷേപ കണക്ക്. പ്രാദേശിക പാര്‍ട്ടികളില്‍ എസ്പിക്കാണ് ഏറ്റവും കൂടുതല്‍ സ്ഥിര നിക്ഷേപമുള്ളത് 454.46 കോടി. അണ്ണാ ഡിഎംകെ (185.90 കോടി), ഡിഎംകെ (169.19 കോടി), ബിജെഡി (140.15 കോടി) എന്നിവരാണു തൊട്ടു പിന്നില്‍.

ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ബാധ്യതയുള്ളത് കോണ്‍ഗ്രസിനാണ് 78.42 കോടി. ബാങ്കുകളില്‍ കടം വാങ്ങിയതും ഓവര്‍ ഡ്രാഫ്റ്റും ഉള്‍പ്പെടെയുള്ള തുകയാണിത്. ബിജെപി 37.44 കോടി, തൃണമൂല്‍ കോണ്‍ഗ്രസ് 10.59 കോടി, സിപിഎം 3.38 കോടി, ബിഎസ്പി 2.23 കോടി, എന്‍സിപി 0.96 കോടി, സിപിഐ 0.45 കോടി എന്നിങ്ങനെയാണ് ഒരോ പാര്‍ട്ടികളുടെയും കടബാധ്യത.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.