കണ്ണൂര്‍: ഇരിക്കൂറിലെ പ്രതിഷേധത്തിൽ എ ഗ്രൂപ്പിനെ അനുനയിപ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഡി.സി.സി അധ്യക്ഷപദം വേണമെന്ന നിലപാടില്‍ എ ഗ്രൂപ്പ് ഉറച്ച് നിന്നതോടെ ചര്‍ച്ച എങ്ങുമെത്താതെ നിന്നു. നേതാക്കളെ ഉമ്മൻ ചാണ്ടി അനുനയിപ്പിച്ചു. പ്രശ്നങ്ങളെല്ലാം തെരഞ്ഞെടുപ്പിന് ശേഷം പരിഹരിക്കാമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പു നൽകി.
എന്നാൽ പദവി ലഭിക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ഗ്രൂപ്പ് നേതാക്കള്‍. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി. ഡി.സി.സി നേതൃത്വം വിട്ടു നല്‍കാന്‍ സുധാകരന്‍ തയ്യാറായില്ലെന്നാണ് സൂചന.
വിഷയത്തിൽ എ ഗ്രൂപ്പ് കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ. എന്നിട്ടും പ്രശ്‌നം പരിഹരിക്കാൻ സാധിച്ചില്ല. കെസി ജോസഫ് ഉള്‍പ്പടെയുള്ള നേതാക്കള്‍ നേരത്തെ നടത്തിയ അനുനയ നീക്കവും ഫലം കണ്ടിരുന്നില്ല. മണിക്കൂറുകള്‍ നീണ്ടു നിന്ന ചർച്ചയിൽ സജീവ് ജോസഫിനെ മാറ്റണമെന്ന നിലപാടില്‍ എ ഗ്രൂപ്പ് നേതാക്കള്‍ ഉറച്ചു നിൽക്കുകയായിരുന്നു. സോണി സെബാസ്റ്റ്യന് ഡിസിസി അധ്യക്ഷസ്ഥാനം നല്‍കാമെന്ന ഫോര്‍മുലയാണ് നേതൃത്വം മുന്നോട്ട് വെച്ചത്. എന്നാൽ ഈ നിർദേശം എ ഗ്രൂപ്പ് തള്ളുകയായിരുന്നു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി സംസാരിച്ച ശേഷം നാളെയോടെ പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാവരേയും ഒറ്റക്കെട്ടായി കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്, അത് സാധിക്കുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. പ്രവര്‍ത്തകരുടെ വികാരം നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.