ന്യുഡല്‍ഹി: ഗായത്രി മന്ത്രവും പ്രാണായാമവും കോവിഡ് രോഗികളില്‍ ഫലം ചെയ്യുമോ എന്ന പരീക്ഷണത്തിന് തയ്യാറെടുത്ത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. 20 കോവിഡ് രോഗികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഡിപ്പാര്‍ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് ഈ പഠനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
പത്ത് രോഗികള്‍ക്ക് നിലവിലെ ചികിത്സ കൂടാതെ ഗായത്രിമന്ത്രം ജപിച്ചു നല്‍കുകയും ഒരു മണിക്കൂര്‍ പ്രാണായാമ പരിശീലനം നടത്തുകയും ചെയ്യും. ബാക്കിയുള്ള പത്തു രോഗികള്‍ക്ക് സാധാരണ രീതിയിലുള്ള ചികിത്സ മാത്രമായിരിക്കും നല്‍കുക. 14 ദിവസമാണ് നിരീക്ഷണ കാലാവധി. പഠനത്തിന് മുമ്പ് 20 രോഗികളുടേയും ശരീരത്തിലെയും സി-റിയാക്ടീവ് പ്രോട്ടീന്‍ രേഖപ്പെടുത്തി വയ്ക്കും. 14 ദിവസം കഴിഞ്ഞ് വീണ്ടും രോഗികളെ പരിശോധനയ്ക്ക് വിധേയമാക്കുകയും ഗായത്രി മന്ത്രം ജപിച്ചവര്‍ക്ക് മറ്റുള്ളവരേക്കാള്‍ എന്തെങ്കിലും പുരോഗതിയുണ്ടോയെന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്.
ക്ലിനിക്കല്‍ ട്രയല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ആശുപത്രിയില്‍ കഴിയുന്ന രോഗികളില്‍ ഗായത്രി മന്ത്രവും, പ്രാണയാമയും ഫലം ചെയ്യുമോ എന്ന പരീക്ഷണമാണ് നടക്കുന്നത്. ഫെബ്രുവരി അഞ്ചിനാണ് ഇത്തരം ഒരു പഠനം നടക്കുന്നുവെന്ന് സര്‍ക്കാര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്.
ഈ വിഷയത്തില്‍ ആശുപത്രി നല്‍കിയ വിശദീകരണം ഇങ്ങനെയാണ് കോവിഡ് എന്ന മാരക രോഗം പ്രധനമായും ശ്വസനപ്രകിയെയാണ് ബാധിക്കുക. ഹിന്ദുക്കള്‍ക്കിടെ ഏറ്റവും പ്രചാരത്തിലുള്ള രീതിയാണ് ഗായത്രി മന്ത്രം ജപിക്കുക എന്നത്. ഈ സാഹചര്യത്തില്‍ ഗായത്രി മന്ത്രം ജപിച്ചാല്‍ ലോകത്തെ ഈ മാറാവ്യാധിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കുമോ ഇല്ലെയോ എന്ന് കണ്ടെത്തല്‍ വളരെ പ്രധാനപ്പെട്ടതാണ്. അതേസമയം, ഈ പഠനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ എയ്ംസ് ഋഷികേശ് പള്‍മൊനാറി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഡോ. രുചി ദുആ തയാറായില്ല. 'പഠനം പൂര്‍ത്തിയായതിന്റെ ശേഷം മാത്രം അത് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളൂ,'' ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.