നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധ ഇന്ന്; സംസ്ഥാനത്താകെ ലഭിച്ചത് 2138 പത്രികകള്‍

നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധ ഇന്ന്; സംസ്ഥാനത്താകെ ലഭിച്ചത് 2138 പത്രികകള്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധ ഇന്ന്. മാര്‍ച്ച് 22നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ സംസ്ഥാനത്താകെ ലഭിച്ചത് 2138 പത്രികകളാണ്.

മലപ്പുറത്താണ് ഏറ്റവുമധികം പേര്‍ പത്രിക സമര്‍പ്പിച്ചത്. 235 പേരാണ് ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. 39 പേര്‍ പത്രിക സമര്‍പ്പിച്ച വയനാടാണ് ഏറ്റവും കുറവ്. 1922 പുരുഷന്മാരും 215 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണി വരെ പത്രികകള്‍ പിന്‍വലിക്കാം. വിമതന്മാരുടേയം അപരന്മാരുടേയും പത്രികകള്‍ പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാകും മുന്നണി നേതൃത്വങ്ങള്‍.

നാമനിര്‍ദേശ പത്രിക ഓണ്‍ലൈനില്‍ തയാറാക്കാനുള്ള സംവിധാനവും ഇത്തവണ ഒരുക്കിയിരുന്നു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി തയാറാക്കിയ നാമനിര്‍ദേശ പത്രികയുടെ പ്രിന്റെടുത്ത് വരണാധികാരിയുടെയോ സഹവരണാധികാരിയുടെയോ മുന്‍പാകെ സമര്‍പ്പിക്കുകയായിരുന്നു വേണ്ടത്. ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കിയാണ് സംസ്ഥാനത്ത് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബൂത്തുകളുടെ എണ്ണത്തില്‍ 89.65% വരെ വര്‍ധനവുണ്ടായിട്ടുണ്ട്. ആകെ 40771 പോളിംഗ് ബൂത്തുകളാകും സംസ്ഥാനത്ത് സജ്ജീകരിക്കുക.

കോവിഡ് സുരക്ഷ പരിഗണിച്ച് പോളിങ് സമയം ഒരുമണിക്കൂര്‍ നീട്ടിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം തുടരും. എല്ലാ പോളിംഗ് ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തന്നെയായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചു പേര്‍ മാത്രം മതിയെന്നാണ് നിര്‍ദേശം.
അതേസമയം വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് സംബന്ധിച്ച പ്രതിപക്ഷനേതാവിന്റെ പരാതിയില്‍ ജില്ലാ കലക്ടര്‍മാരുടെ അന്വേഷണം തുടരുകയാണ്. ക്രമക്കേട് തെളിഞ്ഞാല്‍ ഇരട്ട വോട്ടുകള്‍ ഒഴിവാക്കും. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുമുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.