സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം: ഇഡി സുപ്രീം കോടതിയില്‍

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം: ഇഡി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം അടിയന്തിരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുണ്ടാക്കാനും ശിവശങ്കര്‍ ശ്രമിക്കുന്നുവെന്നും ഇഡി ആരോപിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് നിയമവാഴ്ച ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് വരുത്താന്‍ നീക്കം നടക്കുന്നുവെന്നും സിവില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് ഇതിനായി മൊഴി നല്‍കിപ്പിച്ചുവെന്നും ഇഡി ആരോപിക്കുന്നു.

ശിവശങ്കറിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഇഡി നല്‍കിയ ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ജാമ്യം അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ ശിവശങ്കര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഡല്‍ഹി ഇഡി ആസ്ഥാനത്തെ ഡെപ്യുട്ടി ഡയറക്ടര്‍ ജിതേന്ദ്ര കുമാര്‍ ഗോഗിയ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുന്നുവെന്നാണ് ഇഡിയുടെ പ്രധാന പരാതി. ഓഗസ്റ്റ് അഞ്ചിനും പതിനേഴിനും ഇടയില്‍ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിന്റെ സുരക്ഷ ചുമതല ഉണ്ടായിരുന്ന രണ്ട് വനിത സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി ഇഡി തങ്ങളുടെ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കസ്റ്റഡിയിലിരിക്കെ സ്വപ്ന സുരേഷിന്റെ ഓഡിയോ സന്ദേശം പുറത്ത് വന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന സംസ്ഥാന പൊലീസിന് മുമ്പാകെ സ്വര്‍ണ്ണ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രിയുടെ പേര് പറയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന മൊഴിയാണ് സിവില്‍ പോലീസ് ഉദ്യോഗസ്ഥ നല്‍കിയത്.

ഇത് പിന്നീട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. എന്നാല്‍ തനിക്ക് ഒരു സമ്മര്‍ദ്ദവും നേരിടേണ്ടി വന്നില്ലെന്നാണ് സ്വപ്ന പറയുന്നതെന്ന് ഇഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജ മൊഴികള്‍ നല്‍കി അന്വേഷണ ഉദ്യോഗസ്ഥരെ സിവില്‍ പോലീസ് ഉദ്യോഗസ്ഥ ഭീഷണി പെടുത്തുകയാണെന്നും ഇഡി കുറ്റപ്പെടുത്തി.

കസ്റ്റഡിയില്‍ ആയിരുന്നപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന സന്ദീപ് നായരുടെ ആരോപണവും ഇഡി തള്ളി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നപ്പോള്‍ സന്ദീപ് നായരെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് ഇഡിയുടെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.