പശ്ചിമ ബംഗാളില്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം: സംരക്ഷണം ഏര്‍പ്പെടുത്തി പോലീസ്

പശ്ചിമ ബംഗാളില്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം: സംരക്ഷണം ഏര്‍പ്പെടുത്തി പോലീസ്

മിഡ്നാപൂര്‍: ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയ പശ്ചിമ ബംഗാളിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

പാസ്‌കിം മിഡ്നാപൂര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കുനേരെ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് അക്രമം നേരിട്ട കുടുംബങ്ങള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്.

യേശു ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടങ്ങിയ മൂന്ന് കുടുംബങ്ങളെ ആക്രമിച്ചുവെന്നും ബലാത്സംഗ ഭീഷണിയും വധഭീഷണിയും മുഴക്കിയെന്നും ആരോപിച്ച് ക്രൈസ്തവ വിശ്വാസിയായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ 20 ന് ചന്ദ്രകോണ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുത്തത്.

സംഭവത്തില്‍ പതിമൂന്ന് പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിപ്രകാരം ഇവര്‍ ബജ്രംഗ്ദളുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ബംഗിയ ക്രിസ്റ്റിയ പരിസേബ' എന്ന സംഘടനയുടെ സ്ഥാപകനായ ഹെറോദ് മല്ലിക്ക് വെളിപ്പെടുത്തി.

ഒക്ടോബര്‍ 18 ന് തുടങ്ങിയ ആക്രമണങ്ങള്‍ ഒക്ടോബര്‍ 20 വരെ നീണ്ടുനിന്നതായി പരാതിക്കാരിയായ സ്ത്രീ വെളിപ്പെടുത്തിയിരുന്നു. പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി, ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ തന്റെ കുടുംബത്തെ നിര്‍ബന്ധിച്ചുവെന്നും 'ശുദ്ധീകരണ ചടങ്ങ്' എന്ന പേരില്‍ എല്ലാവരുടെയും മുന്നില്‍വെച്ച് ബലമായി കുളിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

ദുര്‍ഗാ പൂജ പന്തലിലേക്ക് പ്രതികള്‍ തങ്ങളെ നിര്‍ബന്ധിച്ച് കൊണ്ടുപോയെന്നും അവിടെ വെച്ച് ബലപ്രയോഗത്തിലൂടെ ഹിന്ദു ആചാരങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയെന്നും അവര്‍ ആരോപിച്ചു.

ചന്ദ്രകോണയിലെ കുടുംബങ്ങള്‍ അവരുടെ വിശ്വാസത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നത് പതിവാണെന്നും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഇത്തരത്തിലുള്ള 45 ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും ഹെറോദ് മല്ലിക്ക് വെളിപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.