ജെസ്‌നയുടെ തിരോധാനത്തിന് നാളെ മൂന്ന് വയസ്; 'സിബിഐ നേര് കണ്ടെത്തും'...കേരളം കാത്തിരിക്കുന്നു

ജെസ്‌നയുടെ തിരോധാനത്തിന് നാളെ മൂന്ന് വയസ്; 'സിബിഐ നേര് കണ്ടെത്തും'...കേരളം കാത്തിരിക്കുന്നു

കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനി ജെസ്‌ന മരിയ ജയിംസ് കാണാമറയത്തായിട്ട് നാളെ മൂന്ന് വര്‍ഷം തികയും. ജെസ്‌ന എവിടെ എന്ന ചോദ്യത്തിന് ഇതുവരെ കേസന്വേഷിച്ച ലോക്കല്‍ പൊലീസിനും ക്രൈംബ്രാഞ്ചിനും വ്യക്തമായ ഉത്തരം കണ്ടെത്താനായില്ല. ഇനി ജെസ്‌നയുടെ കുടുംബത്തിന്റെയും കേരളത്തിന്റെയും ഏക പ്രതീക്ഷ ഹൈക്കോടതി നിര്‍ദേശ പ്രകാരം കേസ് ഏറ്റെടുത്തിട്ടുള്ള സിബിഐയിലാണ്. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.

പത്തനംതിട്ട മുക്കൂട്ടുതറയ്ക്കടുത്ത് കൊല്ലമുള ഇടവകയില്‍പ്പെട്ട കുന്നത്തു വീട്ടില്‍ ജയിംസ് ജോസഫ്-ഫാന്‍സി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവളായ ജെസ്‌ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു ജെസ്‌ന. രാവിലെ മുണ്ടക്കയം പുഞ്ചവയലിലെ പിതൃ സഹോദരിയുടെ വീട്ടിലേക്കു പോയ ജെസ്‌ന എരുമേലി വരെ എത്തിയതായി വിവരമുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. കാണാതാകുമ്പോള്‍ 21 വയസായിരുന്നു.

പിതൃ സഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌ന കൊല്ലമുളയില്‍ നിന്ന് രാവിലെ ഒമ്പതിന് ഓട്ടോയില്‍ പുറപ്പെട്ടു. പിന്നെ എരുമേലി ബസില്‍ കയറി. എരുമേലി ബസ് സ്റ്റാന്‍ഡില്‍നിന്നു മുണ്ടക്കയത്തേക്കുളള്ള ബസില്‍ കയറിയതായാണു വിവരം. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ച് പോയതിനാല്‍ വിളിച്ച് ബന്ധപ്പെടാനായില്ല. ജെസ്‌ന മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വെച്ചൂച്ചിറ സ്റ്റേഷനില്‍ പരാതി നല്‍കാനായിരുന്നു നിര്‍ദേശം.

പരാതി ഫോര്‍വേഡ് ചെയ്യാമെന്നു പൊലീസ് അറിയിച്ചെങ്കിലും ചെയ്തില്ല. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ വെച്ചൂച്ചിറ പൊലീസ് താല്‍പര്യം കാട്ടിയതുമില്ല. പെണ്‍കുട്ടി ആരുടെയെങ്കിലും കൂടെ പോയതായിരിക്കും, കുറച്ചു ദിവസം കഴിയുമ്പോള്‍ തിരിച്ചു വരുമെന്നുമായിരുന്നു പൊലീസിന്റെ മറുപടി. പരാതി ലഭിച്ചിട്ടും രണ്ടാഴ്ചയോളം കാര്യമായ അന്വേഷണം നടന്നില്ലെന്നും കുടുംബം പറയുന്നു.

പിന്നീട് മുണ്ടക്കയം റൂട്ടില്‍ കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവിയില്‍ ജെസ്‌നയുടെ ദൃശ്യം പതിഞ്ഞിരുന്നു. ശിവഗംഗ എന്ന സ്വകാര്യ ബസില്‍ ജെസ്‌ന ഇരിക്കുന്നതിന്റെ ചിത്രമായിരുന്നു അത്. ഇതേ സ്ഥലത്തുള്ള ഒരു വീട്ടിലെ സിസിടിവിയില്‍നിന്നും സമാന ദൃശ്യവും ലഭിച്ചു. മുണ്ടക്കയം സ്റ്റാന്‍ഡില്‍നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ജെസ്‌നയോടു സാമ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടതായും പറയപ്പെടുന്നു. ഈ ദൃശ്യങ്ങളില്‍ സംശയാസ്പദമായി മറ്റു രണ്ടു പേര്‍ കൂടി ഉണ്ടെന്നതു വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ ആരുടേതെന്ന് ഇപ്പോഴും വ്യക്തമല്ല.

മറ്റുള്ളവരുമായി അധികം ഇടപഴകുന്ന പ്രകൃതക്കാരി അല്ലാത്തതിനാല്‍ ജെസ്‌നയ്ക്ക് ഏറെ അടുപ്പമുള്ള അഞ്ച് സുഹൃത്തുക്കളാണുണ്ടായിരുന്നത്. ഇതിലൊരാള്‍ ആണ്‍കുട്ടിയാണ്. മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം ജെസ്‌ന പോയതാണെന്നുളള പ്രചാരണത്തെ തുടര്‍ന്ന് സഹപാഠിയായ ആണ്‍കുട്ടിയെ പല തവണ ചോദ്യം ചെയ്തെങ്കിലും സംഭവത്തില്‍ കാര്യമില്ലെന്നു ബോധ്യപ്പെട്ടു. ഇയാളുടെ എസ്എംഎസുകളും സൈബര്‍ സെല്‍ പരിശോധിച്ചിരുന്നു. അഞ്ച് സുഹൃത്തുക്കളും ജെസ്‌നയെ എല്ലാ ദിവസവും വിളിക്കുമായിരുന്നു. ജെസ്‌നയുടെ സഹോദരി ജെഫിക്കും ഇതേക്കുറിച്ച് അറിയാമായിരുന്നു.

ജെസ്‌നയുടെ തിരോധാനം നിയമസഭയില്‍ ഉപക്ഷേപമായെത്തി. തുടര്‍ന്ന് അന്വേഷണച്ചുമതല തിരുവല്ല ഡിവൈഎസ്പിക്കു നല്‍കി. ജെസ്‌നയെ കണ്ടെത്താന്‍ അന്നത്തെ ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചെങ്കിലും പുരോഗതിയുണ്ടായില്ല.

പിന്നീട് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കേസ് കൈമാറി. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും ഫലമുണ്ടായില്ല. ചെന്നൈയിലും ബെംഗളൂരുവിലും കോയമ്പത്തൂരിലും ജെസ്‌നയെ കണ്ടതായി പ്രചാരണമുണ്ടായി.

ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ഇന്ത്യയൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ചു. പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഏറ്റവും ഒടുവിലായി അന്വേഷിച്ചത്. ചില സൂചനകളൊക്കെ പറഞ്ഞിരുന്നെങ്കിലും തുമ്പുണ്ടാക്കാന്‍ സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിനും കഴിഞ്ഞില്ല.

ഇതിനിടെ ജെസ്‌ന മംഗലാപുരത്തെ മുസ്ലീം മതപഠന കേന്ദ്രത്തിലുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പൊലീസ് അക്കാര്യം വേണ്ട ഗൗരവത്തോടെ കാണുകയോ തുടര്‍ അന്വേണം നടത്തുകയോ ചെയ്തില്ല. വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ജെസ്‌നയെ മംഗലാപുരത്തു നിന്നും മാറ്റിയതായും സൂചനകളുണ്ടായിരുന്നു.

കേസന്വേഷണത്തില്‍ കേരള പൊലീസ് പൂര്‍ണമായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണും കെഎസ്‌യു പ്രസിഡന്റ് കെ.എം അഭിജിത്തും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് ഏറ്റെടുത്ത സിബിഐ തിരുവനന്തപുരം യൂണിറ്റ് മേധാവി നന്ദകുമാര്‍ നായര്‍ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ജെസ്‌നയുടെ തിരോധാനത്തിന് നാളെ മൂന്ന് വയസ് തികയുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ നേര് പുറത്തു കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ജെസ്‌നയുടെ കുടുംബവും കേരളവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.