യുഎഇയില്‍ എല്ലാ താമസക്കാ‍ർക്കും സൗജന്യ വാക്സിന്‍ നല്‍കിത്തുടങ്ങി: ആരോഗ്യമന്ത്രാലയം

യുഎഇയില്‍ എല്ലാ താമസക്കാ‍ർക്കും സൗജന്യ വാക്സിന്‍ നല്‍കിത്തുടങ്ങി:  ആരോഗ്യമന്ത്രാലയം

അബുദബി: യുഎഇയില്‍ സൗജന്യ കോവിഡ് വാക്സിന്‍ എല്ലാ താമസക്കാർക്കും നല്‍കിത്തുടങ്ങുമെന്ന് ആരോഗ്യ പ്രതിരോധമന്ത്രാലയം അറിയിച്ചു. മുന്‍ഗണന ആവശ്യമുളളവർക്ക് വേഗത്തില്‍ വാക്സിന്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി വാക്സിന്റെ ആദ്യഡോസ് നല്‍കുന്നത് സേഹയുടെ കീഴിലുളള ആരോഗ്യകേന്ദ്രങ്ങളില്‍ താല്‍ക്കാലികമായി നിർത്തിവച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്.

പ്രായമായവർ, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉളളവർ തുടങ്ങിയവ‍ർക്കെല്ലാം വാക്സിന്‍ ലഭ്യമാക്കിയതിന് പിന്നാലെയാണ് 16 വയസിനും അതിന് മുകളിലും പ്രായമുളളവർക്ക് കോവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ 205 ആരോഗ്യകേന്ദ്രങ്ങളില്‍ വാക്സിന്‍ വിതരണമുണ്ട്. രാജ്യത്ത് ആകെ 56 ശതമാനം താമസക്കാരും വാക്സിന്‍ സ്വീകരിച്ചുവെന്നാണ് കണക്ക്.

വാക്സിനെടുക്കാന്‍ മുന്‍കൂട്ടി ബുക്കിംഗ് ആവശ്യമാണ്. മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്റ് പ്രിവന്‍ഷന്‍ഷെന്റെ കോവിഡ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേയിലും ആപ്പിള്‍സ്റ്റോറിലുമുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് അപോയിന്റ്മെന്റ് എടുക്കാം.
മുതിർന്ന പൗരന്മാർക്ക് വീട്ടിലെത്തിയുളള വാക്സിനേഷന്‍ സൗകര്യവുമുണ്ട്. പേരും എമിറേറ്റ്സ് ഐഡിയും ഫോണ്‍നമ്പറും അതോടൊപ്പം ഏത് എമിറേറ്റിലാണ് താമസമെന്നുളളതും നല്‍കണം. എവിടെ നിന്നാണ് വാക്സിനെടുക്കാന്‍ ആഗ്രഹിക്കുന്നത്, സമയം എപ്പോള്‍ എന്നുളളതും ആപ്പിലൂടെ അറിയിക്കാം. ഇതനുസരിച്ച് കേന്ദ്രങ്ങളിലെത്തി വാക്സിന്‍ സ്വീകരിക്കാം.

80011111, 8001717,800342 എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.
സിനോഫാം, ഫൈസര്‍, സ്പുട്നിക് വി, ഓക്സ്ഫ‍ർ‍ഡ് ആസ്‌ട്രെസെനക്ക എന്നീ നാല് വാക്‌സിനുകളാണ് രാജ്യത്ത് നിലവില്‍ വിതരണം ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.