പത്രികകള്‍ തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍; ഹര്‍ജികള്‍ നാളെ പരിഗണിക്കും

പത്രികകള്‍ തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ഥികള്‍  ഹൈക്കോടതിയില്‍;  ഹര്‍ജികള്‍ നാളെ പരിഗണിക്കും

കൊച്ചി: നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയ വരണാധികാരിയുടെ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് തലശേരി, ഗുരുവായൂര്‍ നിയോജക മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

തലശേരിയിലെ ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിദാസ്, ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി നിവേദിത എന്നിവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ അടിയന്തരമായി ഹര്‍ജികള്‍ പരിഗണിക്കണമെന്ന സ്ഥാനാര്‍ഥികളുടെ അഭ്യര്‍ഥന പരിഗണിച്ച് ഇന്ന് അവധി ദിനമായിരുന്നിട്ടുകൂടി ഉച്ചകഴിഞ്ഞ് രണ്ടിന് കോടതി പ്രത്യേക സിറ്റിംഗ് നടത്തുകയായിരുന്നു.

എന്‍.ഹരിദാസിന്റെ ഹര്‍ജിയാണ് ആദ്യം കോടതി പരിഗണിച്ചത്.റിട്ടേണിംഗ് ഓഫിസര്‍ നിയമവിരുദ്ധമായിട്ടാണ് നാമനിര്‍ദ്ദേശ പത്രിക തള്ളിയതെന്ന് ബിജെപി സ്ഥാനാര്‍ഥിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.ഒപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പിഴവ് പരിഹരിക്കാന്‍ സ്ഥാനാര്‍ഥി അനുവാദം ചോദിച്ചെങ്കിലും റിട്ടേണിംഗ് ഓഫിസര്‍ അനുവദിക്കാതെ തിടുക്കത്തില്‍ പത്രിക തള്ളുകയായിരുന്നുവെന്ന് ഹരിദാസിനു വേണ്ടി ഹാജരായ അഭിഭാകന്‍ വാദിച്ചു. ഹര്‍ജിയില്‍ നാളെയും വാദം തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഹരിദാസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ തലശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതും നാളെ പരിഗണിക്കാനായി കോടതി മാറ്റി. രണ്ടാമതായിട്ടാണ് ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി നിവേദിതയുടെ ഹര്‍ജി കോടതി പരിഗണിച്ചത്.

സാങ്കേതിക പിഴവുകള്‍ മാത്രമാണ് പത്രികയില്‍ സംഭവിച്ചതെന്നും ഇത് പരിഹരിക്കാന്‍ കഴിയാവുന്നതായിരുന്നുവെങ്കിലും അതിനു തയ്യാറാകാതെ വരണാധികാരി പത്രിക തള്ളുകയായിരുന്നുവെന്നും നിവേദിതയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.വാദം കേട്ട കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് ഈ ഹര്‍ജിയും നാളെ കൂടുതല്‍ വാദം കേള്‍ക്കാന്‍ മാറ്റുകയായിരുന്നു.നാളെ ഉച്ചയ്ക്ക് 12 ന് രണ്ടു ഹര്‍ജികളും കോടതി പരിഗണിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.