യുഡിഎഫ് തോറ്റാല്‍ കോണ്‍ഗ്രസ് തകരും; ജയിച്ചാല്‍ പിണറായി ജയിലിലാകും: തുറന്നടിച്ച് കെ.സുധാകരന്‍

യുഡിഎഫ് തോറ്റാല്‍ കോണ്‍ഗ്രസ് തകരും; ജയിച്ചാല്‍ പിണറായി ജയിലിലാകും: തുറന്നടിച്ച് കെ.സുധാകരന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ മൂന്നാമതൊരു ശക്തി ഉയര്‍ന്നു വരുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് കെ.സുധാകരന്റെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് തോറ്റാല്‍ പല നേതാക്കളും ബിജെപിയിലേക്ക് പോകുമെന്നും അതിന് അവര്‍ കാത്തിരിക്കുകയാണെന്നും നേരത്തെ സുധാകരന്‍ പറഞ്ഞിരുന്നു. പ്രവര്‍ത്തകര്‍ ഗൗരവത്തോടെ ഇക്കാര്യം കാണണം. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതാണ് കേരളത്തിലെ സാഹചര്യമെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിചാരിക്കും പോലെ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം ഉണ്ടാവുമെന്ന് കരുതരുത്. ഈ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതോടെ കോണ്‍ഗ്രസും മുന്നണിയും ദുര്‍ബലമാകും. അതേസമയം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജയിലില്‍ അടയ്ക്കുമെന്നും സുധാകരന്‍ തുറന്നടിച്ചു.

സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി നാല് വര്‍ഷം കൊണ്ടു നടന്നു. പിന്നീട് ഐടി കോര്‍ഡിനേറ്ററുമാക്കി. ഒരേ ഹോട്ടലില്‍ താമസിപ്പിച്ചു. എന്നിട്ടും അറിയില്ലെന്നാണ് പറയുന്നത്. പിണറായി വിജയന്‍ എന്നാല്‍ ഉളുപ്പിലായ്മയുടെ പ്രതീകമാണ്. ഓഖിയില്‍ മൃതദേഹങ്ങള്‍ കടല്‍ത്തീരത്ത് അടിഞ്ഞപ്പോള്‍ ഫയല്‍ നോക്കിയിരുന്ന ക്രൂരനാണ് മുഖ്യമന്ത്രിയെന്നും സുധാകരന്‍ പറഞ്ഞു.

ഇതിനിടെ ഡിവൈഎഫ്‌ഐയെ പുകഴ്ത്താനും സുധാകരന്‍ മറന്നില്ല. കൊവിഡ് ഭീതി ഉയര്‍ന്നപ്പോള്‍ ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. കൊവിഡ് കാലത്ത് സിപിഎം അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വളരെ പ്ലാനിംഗോടെ നടപ്പാക്കി. കൊവിഡിന്റെ സമയത്ത് സിപിഎം ഒരുപാട് വളണ്ടിയര്‍മാരെ ഉണ്ടാക്കി. അവരിലൂടെ കിറ്റും മുരുന്നും പെന്‍ഷനും വിതരണം ചെയ്തു. വളരെ പ്ലാന്‍ ചെയ്തായിരുന്നു പ്രവര്‍ത്തനം. ഡിവൈഎഫ്ഐയുടെ കുട്ടികള്‍ക്ക് മാത്രമാണ് വളണ്ടിയര്‍ കാര്‍ഡ് നല്‍കിയത്. അവരുടെ കുട്ടികള്‍ എല്ലാം കൃത്യ സമയത്ത് ജനങ്ങളിലേക്ക് എത്തിച്ചു.

അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് നിശ്ചലരായി പോയി. കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് അകന്നുപോയി. പല കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനാവുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോരായ്മകള്‍ ജനങ്ങളിലേക്ക് എത്തിക്കാനായില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളെ സംരക്ഷിക്കുന്നു, ശ്രദ്ധിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്തുമ്പോള്‍ മാത്രമേ ഒരു പാര്‍ട്ടിക്ക് വിജയിക്കാനാവൂ എന്നും സുധാകരന്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.