കൊച്ചി: നാമനിര്‍ദേശപത്രിക തള്ളിയതിനെതിരേ തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം അറിയിക്കാന്‍ നിര്‍ദേശിച്ചാണ് ജസ്റ്റിസ് എന്‍. നഗരേഷ് ഇന്നലെ ഹര്‍ജി മാറ്റിയത്.
സാങ്കേതിക പിഴവിന്റെ പേരില്‍ പത്രിക തള്ളിയതിനെ ചോദ്യം ചെയ്താണ് ് തലശ്ശേരിയിലെ ബിജെപിസ്ഥാനാര്‍ഥി എന്‍. ഹരിദാസും ഗുരുവായൂരിലെ സ്ഥാനാര്‍ഥി അഡ്വ. നിവേദിതാ സുബ്രഹ്മണ്യനും ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ അടിയന്തര സിറ്റിങ് നടത്തി കോടതി ഇരു ഹര്‍ജികളും കേട്ടിരുന്നു.
റിട്ടേണിങ് ഓഫീസര്‍ ശരിയായി പരിശോധിക്കാതെ രാഷ്ട്രീയ കാരണങ്ങളാല്‍ ന്യായരഹിതമായി പത്രിക തള്ളുകയായിരുന്നുവെന്ന് ഇരുവര്‍ക്കുംവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം. കോടതിയുടെ തീരുമാനം അതിനുമുമ്പ് ഉണ്ടായേക്കും.
തലശ്ശേരിയിലെ പത്രികയോടൊപ്പം നല്‍കിയ ഫോറം എ-യില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലും ഗുരുവായൂരില്‍ നല്‍കിയ ഫോറത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലുമാണ് പത്രികകള്‍ തള്ളിയത്. പരിഹരിക്കാവുന്ന ക്ലറിക്കല്‍ പിഴവ് മാത്രമായിരുന്നു ഇതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഈ പിഴവുകള്‍ റിട്ടേണിങ് ഓഫീസര്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും വാദിച്ചു.
എന്നാല്‍, ഫോറം എ-യും ബി-യും പത്രികയുടെ ഭാഗം തന്നെയാണെന്നും അതില്‍ പിഴവുണ്ടെങ്കില്‍ പത്രിക തള്ളാമെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ കോടതിക്ക് ഇടപെടാനാകില്ല. എന്നാല്‍, വിഷയത്തില്‍ വ്യക്തമായ നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്നു ലഭിച്ചിട്ടില്ലെന്നായിരുന്നു അസി. സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്.
പിറവത്ത് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്ക് ഫോറം എ-യും ബി-യും ഹാജരാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ സമയം അനുവദിച്ചത് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കൊണ്ടോട്ടിയിലും ഇളവ് അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു. പാര്‍ട്ടിയുടെ നിറംനോക്കി റിട്ടേണിങ് ഓഫീസര്‍മാര്‍ തീരുമാനമെടുക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
തലശ്ശേരി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ ഹര്‍ജിയെ എതിര്‍ത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കായി അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍, യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ വാദം കേള്‍ക്കാതെ, ഉപഹര്‍ജി നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്. ഇതിലും തിങ്കളാഴ്ച വാദം കേള്‍ക്കും. ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാത്ത നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.