മലപ്പുറം: കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. ജീവിത പങ്കാളി, വരുമാനം എന്നീ വിഷയങ്ങളില്‍ പൂര്‍ണ വിവരങ്ങള്‍ നല്‍കിയില്ല എന്ന് ചൂണ്ടിക്കാണിച്ച് പത്രിക തള്ളണമെന്ന യുഡിഎഫ് ആവശ്യം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല.
പത്രിക സ്വീകരിച്ചതിനെതിരെ യുഡിഎഫ് നിയമനടപടിക്ക് ഒരുങ്ങുകയാണ്. എല്‍ഡിഎഫ് സ്വതന്ത്രനായിട്ടാണ് കെ.പി സുലൈമാന്‍ ഹാജി കൊണ്ടോട്ടിയില്‍ മല്‍സരിക്കുന്നത്.
സുലൈമാന്‍ ഹാജി നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച വിവരങ്ങള്‍ അപൂര്‍ണമാണെന്ന് വ്യക്തമാക്കി യുഡിഎഫ് പരാതി നല്‍കിയതോടെ ശനിയാഴ്ച സൂക്ഷ്മ പരിശോധന നടത്തിയില്ല. തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. യുഡിഎഫ് നല്‍കിയ പരാതിയില്‍ മൂന്ന് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സുലൈമാന്‍ ഹാജിക്ക് നാട്ടിലും ഗള്‍ഫിലും ഭാര്യമാരുണ്ടെന്നും ഇവരില്‍ ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയാണന്നും അവരുടെ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ കാണിച്ചിട്ടില്ലെന്നുമാണ് യുഡിഎഫ് ഉന്നയിച്ച പ്രധാന ആരോപണം. മാത്രമല്ല, കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ് കൊണ്ടോട്ടി. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ പതിവായി ജയിച്ചുകയറുന്ന മണ്ഡലം. ഇത്തവണയും കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. അതിനിടെയാണ് വ്യവസായിയായ സുലൈമാന്‍ ഹാജിയെ ഇടതുപക്ഷം രംഗത്തിറക്കിയത്. തന്നെ ജയിപ്പിച്ചാല്‍ മണ്ഡലത്തിലെ യുവാക്കള്‍ക്ക് ഗള്‍ഫിലെ തന്റെ സ്ഥാപനത്തില്‍ ജോലി നല്‍കാന്‍ തയ്യാറാണ് എന്ന് ഹാജി അടുത്തിടെ പൊതു പരിപാടിയില്‍ പ്രസംഗിച്ചത് വിവാദമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.