തിരുവനന്തപുരം: കേരളത്തില്‍ ബിജെപി വളരാത്തതിനു കാരണം ജനങ്ങള്‍ക്ക് ഉയര്‍ന്ന സാക്ഷരതയുള്ളതു കൊണ്ടാണന്ന് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ബിജെപി വളരാത്തതിനു പിന്നില്‍ പല കാരണങ്ങളുണ്ടെന്നാണ് രാജഗോപാലിന്റെ അഭിപ്രായം. 'കേരളം വ്യത്യസ്തമാണ്. കേരളത്തില്‍ 90 ശതമാനം സാക്ഷരതയുണ്ട്. ജനങ്ങള്‍ ചിന്തിക്കുന്നുണ്ട്, സംവാദം നടത്തുന്നുണ്ട്. ഇത് സാക്ഷരരായ ജനങ്ങളുടെ ലക്ഷണമാണ്. ഇതാണ് ഒരു പ്രശ്‌നം.
രണ്ടാമത്തെ പ്രശ്‌നം കേരളത്തില്‍ 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ് ഉള്ളതെന്നതാണ്. അതുകൊണ്ട് എല്ലാ കണക്കു കൂട്ടലുകളിലും ഈ ഘടകങ്ങള്‍ കയറിവരും. ഈ കാരണങ്ങള്‍ കൊണ്ടാണ് മറ്റൊരു സംസ്ഥാനവുമായും കേരളത്തെ താരതമ്യം ചെയ്യാന്‍ സാധിക്കാത്തത്' - അദ്ദേഹം പറഞ്ഞു. എന്നാല്‍ സാവധാനത്തിലാണെങ്കിലും കേരളത്തില്‍ ബിജെപി വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയത് രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ടല്ലെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ആരെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ സത്യസന്ധമായി അഭിനന്ദിക്കണം. രാഷ്ട്രീയത്തില്‍ സത്യസന്ധത വേണം. രാഷ്ട്രീയക്കാരനാകാന്‍ നുണ പറയണമെന്നില്ല, സത്യം പറയണം.
വിഎസ് അച്യുതാനന്ദനെക്കുറിച്ച് എനിക്ക് ഈ അഭിപ്രായമില്ല. ഓരോ മനുഷ്യര്‍ക്കും ചില ഗുണങ്ങളുണ്ട്. പിണറായി വിജയന് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. അദ്ദേഹം വിവേകമതിയാണ്. അധികം സംസാരിക്കാറില്ലെങ്കിലും ലക്ഷ്യം കാണും. അദ്ദേഹത്തിന് ചില ഗുണങ്ങളുണ്ടെന്നത് നിഷേധിക്കാന്‍ കഴിയില്ലെന്നും പിണറായിയെ പുകഴ്ത്തിയതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അദ്ദേഹം ഒരു ചെത്തുകാരന്റെ മകനാണ്. വളരെ പാവപ്പെട്ട സാഹചര്യത്തില്‍ നിന്ന് വന്നയാളാണ്. ഇപ്പോള്‍ ഈ സ്ഥാനത്ത് എത്താന്‍ കാരണം അദ്ദേഹത്തിന്റെ ചില ഗുണങ്ങളാണ്. നമ്മള്‍ ആ സത്യം അംഗീകരിക്കണം. ഇക്കാര്യത്തില്‍ മനഃപൂര്‍വം നുണ പറയാന്‍ കഴിയില്ല. എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് താനെന്നും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായിരുന്നപ്പോള്‍ പോലും കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമായും മികച്ച ബന്ധം സൂക്ഷിച്ചിരുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.