പാല: യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ സ്മാഷുകള്‍ എതിരാളിയ്ക്ക് തടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍വീസുകള്‍ തന്നെ എതിരാളിക്ക് താങ്ങാനാവില്ല, പിന്നെയല്ലേ സ്മാഷ് എന്നും രാഹുല്‍ പറഞ്ഞു. ഒരു കാലത്ത് വോളിബോള്‍ ഗ്രൗണ്ടില്‍ ആവേശം നിറച്ച താരമായിരുന്നു മാണി സി കാപ്പനെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പാലായില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു രാഹുല്‍.
മാണി സി കാപ്പന്‍ വീണ്ടും ജയിക്കുന്നതിലൂടെ പാലയ്ക്കായി വലിയ സേവനമാണ് ഇനിയും ചെയ്യാന്‍ പോകുന്നത്. ജനങ്ങളിലേക്കു പണമെത്തിച്ചാല്‍ മാത്രമേ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചമാകൂ. എന്നാല്‍ ജനങ്ങളുടെ കയ്യില്‍ നിന്നു പണം കൊള്ളയടിക്കുകയാണു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍.
ജനങ്ങളിലേക്കു പണമെത്തിക്കുകയും പുതിയ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുകയുമാണു ന്യായ് പദ്ധതിയിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത് രാഹുല്‍ പറഞ്ഞു. അതൊരു സൗജന്യമോ സമ്മാനമോ നല്‍കലല്ല. സാമാന്യബുദ്ധി ഉപയോഗിച്ചുള്ള സാമ്പത്തിക ശാസ്ത്ര പ്രയോഗമാണത്. സാധാരണക്കാരന്റെ കൈകളിലെത്തുന്ന പണം അവര്‍ വഴി വിപണിയിലെത്തും. സാധനസാമഗ്രികള്‍ ചെലവാകും.
അപ്പോള്‍ സാധനസാമഗ്രികള്‍ പുതുതായി വന്‍തോതില്‍ ഉല്‍പാദിപ്പിക്കപ്പെടും. ഉല്‍പാദനം കൂട്ടാന്‍ തൊഴില്‍ശാലകള്‍ സജീവമാകും. അതോടെ തൊഴിലാളികള്‍ക്കു കൂടുതല്‍ തൊഴിലുണ്ടാകും. ഇത്തരത്തിലൊരു സാമ്പത്തിക ചക്രമാണു യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്.
പെട്രോള്‍ ഇല്ലാത്ത കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കും പോലെയാണു മുഖ്യമന്ത്രി സമ്പദ്ഘടനയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ നികുതിഭാരം കുറയ്ക്കണം. ജനങ്ങളിലേക്കു നേരിട്ടു പണം എത്തിക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാവിലെ കോട്ടയം ജില്ലയില്‍ പ്രചാരണം ആരംഭിച്ച രാഹുല്‍ ഗാന്ധി കോട്ടയം, പുതുപ്പള്ളി, പാല തുടങ്ങിയ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികള്‍ക്ക് ശേഷം എറണാകുളം ജില്ലയിലെ പിറവം തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും റോഡ് ഷോയിലും സംബന്ധിച്ച ശേഷം രാത്രി ഡല്‍ഹിക്ക് മടങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.