തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ നാല് ലക്ഷത്തോളം ഇരട്ടവോട്ട് കണ്ടെത്തിയത് പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍. ഇതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ തയ്യാറാക്കിയാണ് പരിശോധന നടത്തിയത്.
പേര്, ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, വിലാസം, ബന്ധുത്വം എന്നിങ്ങനെ എല്ലാ സാമ്യങ്ങളും കണ്ടെത്തുന്ന സാങ്കേതിക സംവിധാനമാണ് ഉപയോഗിച്ചത്. പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്. പിന്നാലെ തുടര്‍ന്ന പരിശോധനയില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ഇരട്ട വോട്ടുകള്‍ കണ്ടെത്തി.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും ഇത്തരം പ്രശ്‌നങ്ങള്‍ നടന്നിരുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അതിന്മേല്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. നിലവില്‍ നിയമസഭാ തിരഞ്ഞെടുപ്പിനും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനും ഉപയോഗിക്കുന്ന വോട്ടര്‍ പട്ടികകള്‍ വ്യത്യസ്തങ്ങളാണ്.
നിയമസഭാ തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടര്‍ പട്ടികയെ ഇരട്ട വോട്ടുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും അങ്ങനെ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും ഇരട്ട വോട്ടിന്റെ എണ്ണം ലക്ഷങ്ങളായാല്‍ വോട്ടര്‍പട്ടിക അട്ടിമറിക്കാന്‍ ഗൂഡാലോചന നടന്നുവെന്ന് ന്യായമായും സംശയിക്കേണ്ടി വരും. ഭരണത്തിന്റെ തണലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഒരേ പേരില്‍ വ്യത്യസ്ത വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നല്‍കിയതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇരട്ട വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് കണ്ടെത്തി തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ മണ്ഡലത്തിലും വോട്ട് ഇരട്ടിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദഗ്ധ സഹായം ആവശ്യപ്പെട്ടത്. ഇതുപ്രകാരം പ്രത്യേക സോഫ്റ്റ് വെയര്‍ തയ്യാറാക്കി പരിശോധന നടത്തി ഇരട്ട വോട്ടുകള്‍ കണ്ടെത്തുകയായിരുന്നു.
ഒരേ മണ്ഡലത്തില്‍ ഒരേ വിലാസത്തില്‍ ചിലര്‍ക്ക് നാല് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ടിരട്ടിപ്പ് തെളിവ് സഹിതം തെളിയിക്കാനായാല്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകും. ഉന്നതതല ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് ഇരട്ടവോട്ടുകള്‍ ചേര്‍ത്തതെന്ന ആരോപണത്തിന് സാധൂകരണം നല്‍കുന്നതാകും അത്.
അതേസമയം പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇരട്ട വോട്ടുകള്‍ കണ്ടെത്തുമെന്നും അത്തരക്കാരുടെ പട്ടിക പ്രത്യേകം തയ്യാറാക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതനുസരിച്ച് ഇങ്ങനെ പട്ടികയില്‍ പേര് വരുന്നവര്‍ വോട്ട് ചെയ്യാനായി ബൂത്തിലെത്തിയാല്‍ കൈയില്‍ മഷി പുരട്ടി അത് ഉണങ്ങിയെന്ന് ബോധ്യപ്പെട്ടതിന് ശേഷമാകും വോട്ട് ചെയ്യാനും തുടര്‍ന്ന് ബൂത്തില്‍ നിന്ന് പുറത്തുപോകാനും അനുവദിക്കുവെന്നതാണ് നിലവിലെ തീരുമാനം.
ഇരട്ട വോട്ടുകള്‍ റദ്ദാക്കി പുതിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ വോട്ടെടുപ്പിനുമുമ്പ് കഴിയില്ല എന്നതിനാലാണ് പുതിയ തീരുമാനം. ഇരട്ട വോട്ടുകളുടെ പട്ടിക ബൂത്തുതലത്തില്‍ തയ്യാറാക്കി പ്രിസൈഡിങ് ഓഫീസര്‍ക്ക് നല്‍കും. ഇവര്‍ക്കാണ് ഒന്നിലധികം വോട്ട് ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.