ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ ജാമ്യവും 20 കോടിയും തരാം; എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉപാധി വച്ചെന്ന് അഖില്‍ ഗൊഗോയുടെ കത്ത്

ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ ജാമ്യവും 20 കോടിയും തരാം; എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉപാധി വച്ചെന്ന് അഖില്‍ ഗൊഗോയുടെ കത്ത്

ഗുവാഹത്തി: ജാമ്യം ലഭിക്കണമെങ്കില്‍ ആര്‍എസ്എസിലോ ബിജെപിയിലോ ചേരണമെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്ന അസമിലെ റയ്ജോര്‍ ദള്‍ അധ്യക്ഷന്‍ അഖില്‍ ഗൊഗോയിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. ജയിലിലുള്ള ഗൊഗോയ് തന്റെ പാര്‍ട്ടിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല, 20 കോടി രൂപ നല്‍കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞുവത്രെ. അദ്ദേഹത്തിന്റെ കത്ത് അനുയായികള്‍ മാധ്യമങ്ങള്‍ക്ക് കൈമാറി.

പൗരത്വ ഭേദഗതി നിയമ (സിഎഎ) ത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടന്ന സംസ്ഥാനമാണ് അസം. 2019 ഡിസംബര്‍ മുതല്‍ അഖില്‍ ഗൊഗോയ് ജയിലിലാണ്. സിഎഎ സമരക്കാര്‍ അടുത്തിടെ രൂപീകരിച്ച പാര്‍ട്ടിയാണ് റയ്ജോര്‍ ദള്‍. ഇതിന്റെ അധ്യക്ഷനാണ് അഖില്‍ ഗൊഗോയി. എന്‍ഐഎ ഉദ്യോഗസ്ഥര്‍ തനിക്ക് രാഷ്ട്രീയ ക്ലാസുകള്‍ എടുക്കുകയാണെന്നും അദ്ദേഹം കത്തില്‍ വിശദീകരിക്കുന്നു.

എന്‍ഐഎ ഉദ്യോഗസ്ഥര്‍ ആദ്യം ഹിന്ദുത്വത്തെ കുറിച്ചാണ് പറഞ്ഞു തന്നത്. ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ വേഗം ജാമ്യം കിട്ടുമെന്നും പറഞ്ഞു. സാധ്യമല്ലെന്ന് പറഞ്ഞപ്പോള്‍ ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടു. ഒഴിവ് വരുന്ന നിയമസഭാ സീറ്റില്‍ മല്‍സരിക്കാന്‍ അവസരം നല്‍കാമെന്നും അസമിലെ ബിജെപി സര്‍ക്കാരില്‍ മന്ത്രിയാക്കാമെന്നും വാഗ്ദാനമുണ്ടായി.

ഇതും നിരസിച്ചപ്പോള്‍ ഒട്ടേറെ കേസുകള്‍ തനിക്കെതിരെ ചുമത്തി. സുപ്രീംകോടതി പോലും തനിക്ക് ജാമ്യം തന്നില്ല. എന്റെ കുടുംബവും ഏകദേശം തകര്‍ന്നു. എന്നെ ശാരീരികമായും തകര്‍ത്തു- അഖില്‍ ഗൊഗോയിയുടെ കത്തില്‍ പറയുന്നു.

എന്നാല്‍ ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു. നിമയസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ അടവുകളാണിത്. ഇത്രയും കാലം എന്തുകൊണ്ട് അഖില്‍ ഗൊഗോയ് മിണ്ടിയില്ല. ജനങ്ങള്‍ക്ക് എല്ലാം മനസിലാകും. ബിജെപി മികച്ച വിജയം നേടുമെന്നും പാര്‍ട്ടി വക്താവ് രുപന്‍ ഗോസ്വാമി പറഞ്ഞു. അഖില്‍ ഗൊഗോയിയുടെ ആരോപണം നിഷേധിച്ച് ഒരു എന്‍ഐഎ ഉദ്യോഗസ്ഥനും രംഗത്ത് വന്നിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.