കൊവിഡിന്റെ പുതിയ വകഭേദം 18 സംസ്ഥാനങ്ങളില്‍ കണ്ടെത്തി; കടുത്ത ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊവിഡിന്റെ പുതിയ വകഭേദം 18 സംസ്ഥാനങ്ങളില്‍ കണ്ടെത്തി; കടുത്ത ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡിന്റെ 'ഡബിള്‍ മ്യൂട്ടന്റ് വേരിയന്റ്' ആണ് 18 സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ കടന്നുവരവിലൂടെ രാജ്യത്ത് വീണ്ടും പ്രതിസന്ധി ഉടലെടുക്കുകയാണോയെന്നും കേന്ദ്രം ആശങ്ക അറിയിച്ചു.

വിദേശരാജ്യങ്ങളില്‍ കണ്ടെത്തിയ വൈറസ് വകഭേദമാണ് 18 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നത്. എന്നാൽ പുതിയ വൈറസിന്റെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയെങ്കിലും എത്രപേര്‍ക്ക് സ്ഥിരീകരിച്ചുവെന്നതിന് വ്യക്തമായ കണക്കുകളില്ല. വൈറസ് ബാധ സംബന്ധിച്ച് നേരിട്ടുള്ള സമ്പര്‍ക്കം കണ്ടെത്തുന്നതിനോട് കേസുകളുടെ ദ്രുതഗതിയിലുള്ള വര്‍ധനവ് സ്ഥിരീകരിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ പരിശോധിച്ച 10,787 സാമ്പിളുകളിൽ 736 എണ്ണത്തില്‍ ബ്രിട്ടീഷ് കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 34 പേരില്‍ ദക്ഷിണാഫ്രിക്കന്‍ വൈറസ് കണ്ടെത്തിയതായും ഒരു സാമ്പിളിൽ ബ്രസീല്‍ വേരിയന്റ് കണ്ടതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അന്തര്‍ദേശീയ യാത്രക്കാരില്‍നിന്നുള്ള സാമ്പിളുകൾ, പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയവരുടെ സമ്പർക്കത്തിൽനിന്നുള്ള സാമ്പിളുകൾ എന്നിവ 10 ദേശീയ ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് വിദേശത്ത് കണ്ടെത്തിയ വൈറസ് വകഭേദം ഇന്ത്യയിലുമെത്തിയതായി സ്ഥിരീകരിച്ചത്.

കൊവിഡ് കേസുകള്‍ ആശങ്കാജനകമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഹോളി, ബിഹു, ഈസ്റ്റര്‍, ഈദുല്‍ഫിത്തര്‍ തുടങ്ങിയ ആഘോഷങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം രാജ്യത്ത് ഇന്ന് 47,262 പുതിയ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നവംബര്‍ ആദ്യം മുതലുള്ള ഏറ്റവും ഉയര്‍ന്ന ഏകദിന വര്‍ധനയാണിത്. രാജ്യത്തൊട്ടാകെയുള്ള കൊവിഡ് കേസുകളുടെ എണ്ണം 1.17 കോടിയിലധികമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.