ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തീവ്രമായ രോഗ വ്യാപനവും തരംഗവുമായി മാറാന്‍ സാധ്യതയുള്ളതാണ് എന്‍ 440 കെ എന്ന ഈ വകഭേദം.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്ത്യന്‍ സാര്‍സ് കോ വി-2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്്‌സ് ('ഇന്‍സാകോഗ്') ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതിനകം കോവിഡ്-19 ബാധിച്ചവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരില്‍ പോലും പുതിയ രോഗം ഉണ്ടായേക്കാം. പുതിയ വകഭേദം ഉണ്ടാക്കുന്ന രോഗത്തെ മുന്‍ വൈറസിനെതിരേ നേടിയ പ്രതിരോധ ശേഷികൊണ്ട് നേരിടാനാവില്ല. കഴിഞ്ഞവര്‍ഷം കോവിഡിന്റെ തുടക്കത്തിലുണ്ടായിരുന്ന അതിജാഗ്രത തുടര്‍ന്നും പാലിക്കണമെന്നാണ് ഇത് ഓര്‍മിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തിലെ 14 ജില്ലകളില്‍നിന്നും ശേഖരിച്ച 2032 സാംപിളുകളില്‍ 11 ജില്ലകളിലെ 123 സാംപിളുകളിലാണ് എന്‍440കെ വകഭേദം കണ്ടത്. ആന്ധ്രാപ്രദേശിലെ 33 ശതമാനം സാംപിളുകളിലും തെലങ്കാനയിലെ 104-ല്‍ 53 സാംപിളുകളിലും ഇത് നേരത്തേ കണ്ടിരുന്നു. ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, സിങ്കപ്പൂര്‍, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങി 16 രാജ്യങ്ങളിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനവും അന്വേഷണവും ഈ ഘട്ടത്തില്‍ ആവശ്യമാണെന്ന് 'ഇന്‍സാകോഗ്' വിലയിരുത്തി.
18 സംസ്ഥാനങ്ങളിലെ 10,787 പോസിറ്റീവ് സാംപിളുകള്‍ പരിശോധിച്ചതില്‍ 771 വകഭേദങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 736 സംപിളുകളില്‍ ബ്രിട്ടീഷ് വൈറസ് വകഭേദത്തിന്റെയും 34 സാംപിളുകളില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെയും പിന്തുടര്‍ച്ചയുണ്ട്. ബ്രിസീലിയന്‍ വകഭേദമുള്ള ഒരു സാംപിളും കണ്ടെത്തി.
മഹാരാഷ്ട്രയുടെ കാര്യത്തില്‍ ഡിസംബറിനെ അപേക്ഷിച്ച് ജനിതകമാറ്റം സംഭവിച്ച രണ്ടു വൈറസുകള്‍(ഇ484ക്യു, എല്‍452ആര്‍) സാംപിളുകളില്‍ ഇപ്പോള്‍ കൂടുതലായി കാണുന്നുണ്ട്. 15-20 ശതമാനം സാംപിളുകളിലും ജനിതകമാറ്റം വന്ന വൈറസാണുള്ളത്.
അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കൂടിയത് വൈറസിന്റെ ആശങ്കപ്പെടുത്തുന്ന ഈ വകഭേദങ്ങളെ തുടര്‍ന്നാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല. രോഗവ്യാപനവുമായി ഇതിനെ ബന്ധിപ്പിക്കാന്‍ വേണ്ടത്ര കേസുകള്‍ ലഭ്യമല്ല. കൂടുതല്‍ ജനിതക പഠനങ്ങളും പരിശോധനകളും ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.