ഇത് അടിയന്തരാവസ്ഥയെക്കാൾ ഭീകരം; ഫാ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധം

ഇത് അടിയന്തരാവസ്ഥയെക്കാൾ ഭീകരം; ഫാ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധം

ഡൽഹി : ജനാധിപത്യപരമായ പ്രതികരണങ്ങളെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്നതിൽ മോദി സർക്കാർ മുൻപന്തിയിലാണ്. പൗരത്വബില്ലിനെതിരായ പ്രേതിഷേധങ്ങൾ രാജ്യദ്രോഹക്കുറ്റമായി ചിത്രീകരിച്ച് പ്രതിപക്ഷനേതാക്കളെ തുറുങ്കിലടക്കാനാണ് സർക്കാർ ശ്രമിച്ചത്. ഹത്രാസിലെ പെൺകുട്ടിക്ക് നീതി വേണം എന്ന് വാദിച്ചവർ അന്താരാഷ്ട്രഗൂഢാലോചനയുടെ ഭാഗമാക്കാനാണ് യോഗി സർക്കാർ തീരുമാനിച്ചത്. ഹത്രാസ് പീഡനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ രാജ്യദ്രോഹിയായി മുദ്രകുത്തി തുറുങ്കിൽ അടച്ചിരിക്കുകയാണ്. ഉത്തർപ്രദേശിനെ ഉത്തരകൊറിയ ആക്കി മാറ്റാനുള്ള ഗവേഷണത്തിലാണ് യോഗി ആദിത്യനാഥിന്റെ സർക്കാർ.

എതിർശബ്ദങ്ങളെ ഇത്രമേൽ ഭയപ്പെട്ട ഭീരുത്വം അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരഗാന്ധി മാത്രമാണ് പ്രകടമാക്കിയത്. 


ഭീമ കോരേഗാവ് കലാപക്കേസിൽ എൺപത്തിമൂന്നുകാരനായ ഫാ സ്റ്റാൻ സ്വാമിയെ യു. എ. പി. എ. ചുമത്തി അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചതിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പ്രതികരണം രാജ്യത്തെ ചിന്തിക്കുന്ന സകല മനുഷ്യരുടെയും മനസ്സിൽ ഉയരുന്നതാണ്.

എതിർപ്പിന്റെ എല്ലാ സ്വരങ്ങളെയും അടിച്ചമർത്തി നിങ്ങൾ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്നായിരുന്നു സോറന്റെ പ്രതികരണം . 

ആദിവാസികൾക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി ജീവിതം സമർപ്പിച്ച ഈ ജെസ്യുട്ട് മിഷനറിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് തുറുങ്കിൽ അടച്ചിരിക്കുന്നത്‌. ആദിവാസികൾക്ക് കൂലികൊടുക്കണം എന്നു പറയുന്നതും അവരെ ചൂഷണം ചെയ്യുന്ന സവർണ്ണരെ നിലക്കുനിർത്തണമെന്നും ആവശ്യപ്പെട്ടതാണ് സ്വാമിയെ മാവോയിസ്റ്റ്  ആക്കാൻ കാരണം. 


സവർണ്ണ മേധാവിത്വത്തിൻ്റെ വ്യർത്ഥമായ ദേശീയബോധത്തിൽ പടുത്തുയർത്തുന്ന മോദിയുടെ സാമ്രാജ്യസ്വപ്നങ്ങൾ അടിയന്തരാവസ്ഥയെക്കാൾ ഭീകരമാണ്. രാജ്യത്തെ മുഴുവൻ വർഗീയമായി ചേരിതിരിച്ചശേഷം സവർണ്ണ ഹിന്ദുത്വത്തിൻ്റെ ഭീകരഭരണത്തിലേക്കാണ് രാജ്യം നീങ്ങുന്നത്.

ക്രിസ്ത്യൻ മിഷനറിമാരെ ഇല്ലായ്മചെയ്യാൻ സംഘപരിവാർ എല്ലാക്കാലവും ഉന്നയിച്ചിരുന്ന ആരോപണം മാവോ ബന്ധമാണ്. നീതിക്കും സത്യത്തിനും വേണ്ടി മിഷനറിമാർ സംസാരിക്കുന്നതു മാവോയുടെ ആശയം തലയ്ക്കുപിടിച്ചിട്ടല്ല , അത് ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ അടിസ്ഥാന പ്രമാണമായതുകൊണ്ടാണ്. ബൈബിളും കമ്മ്യൂണിസവും തമ്മിലുള്ള അന്തരം സംഘപരിവാറിന് അറിയില്ലാത്തത് കുറ്റകരമല്ലായിരിക്കാം. എന്നാൽ ദേശീയ അന്വേഷണ ഏജൻസി ഈ വ്യത്യാസം അറിഞ്ഞിരിക്കണം.ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കിയാൽ കൊലപാതകം ജനസേവനമാകും എന്ന സാമാന്യയുക്തിയിൽ ഭരണകൂടം അഭിരമിക്കുന്നത് ആത്മഹത്യാപരമാണ്. 


 പി ടി ജോസ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.