തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാരിന്റെ അറിവോടെയല്ലെന്നുള്ള വാദം പൊളിയുന്നു. ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് രേഖകള്‍ പുറത്തു വന്നു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി രണ്ടിന് ധാരണാ പത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമായിരുന്നുവെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്‌ക്കര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, ഉള്‍നാടന്‍ ജല ഗാതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാര്‍, മുഖമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പിഎം മനോജ് എന്നിവരുമായി വിവിധ ഘട്ടങ്ങളില്‍ അമേരിക്കന്‍ കമ്പനി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേന്ന് ദിനേശ് ഭാസ്‌ക്കറിന് ഇതേക്കുറിച്ച് സന്ദേശം ലഭിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് അദ്ദേഹം മറുപടി നല്‍കുന്നു. ധാരണപത്രത്തിന്റെ ഫയലില്‍ കെഎസ്ഐന്‍എസി എംഡി പ്രശാന്തിന്റെ കുറിപ്പില്‍ ദിനേശ് ഭാസ്‌ക്കറുമായി ചര്‍ച്ച ചെയ്‌തെന്നും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്തേക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി രണ്ടിന് അയച്ച ഈ സന്ദേശത്തില്‍ ഉച്ചക്ക് 12 ന് ധാരണാപത്രം ഒപ്പിടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 1200 കോടി രൂപയുടെ വര്‍ക്ക് ഓര്‍ഡര്‍ കിട്ടിയെന്നും ഇതിലുണ്ട്. അന്നേ ദിവസം അഡീഷണല്‍ ചീഫ് സെക്രട്ടിറി ടി.കെ ജോസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ധാരണാ പത്രത്തെക്കുറിച്ച് പിആര്‍ഡി ഇറക്കിയ വാര്‍ത്താക്കുറിപ്പും വിവാദമായിരുന്നു. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ ഒരു ധാരണാ പത്രത്തെക്കുറിച്ച് പിആര്‍ഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അന്വേഷിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഈ വാര്‍ത്താക്കുറിപ്പുമായി ബന്ധപ്പെട്ട ഫയലില്‍ എംഡി പ്രശാന്ത് നായര്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്, സംസ്ഥാന സര്‍ക്കാരിന്റെ വലിയ നേട്ടമായി ഇക്കാര്യം അവതരിപ്പിക്കണം എന്നാണ്. പിആര്‍ഡി വഴി വാര്‍ത്താക്കുറിപ്പ് ഇറക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും നിര്‍ദ്ദേശിച്ചുവെന്നാണ് കുറിപ്പിലുള്ളത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ സര്‍ക്കാര്‍ അറിയാതെയാണ് ധാരണാപത്രം ഒപ്പിട്ടതെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്ത് വന്നിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.