ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മലയാളി ഉള്‍പ്പടെയുള്ള കന്യാസ്ത്രീകളെ ട്രെയിനില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വേ. സംഭവത്തില്‍ ഇടപെട്ടത് ഒരു സംഘം ആളുകള്‍ പരാതി എഴുതി നല്‍കിയതിനെ തുടര്‍ന്നാണെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
എന്നാല്‍ അന്വേഷണത്തില്‍ മനുഷ്യക്കടത്തോ മതപരിവര്‍ത്തനമോ കണ്ടെത്താന്‍ സാധിച്ചില്ല. പരാതി അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത കന്യാസ്ത്രീകളെ വിട്ടയിച്ചുവെന്നും റെയില്‍വേ അറിയിച്ചു. പരാതി നല്‍കിയത് എബിവിപി പ്രവര്‍ത്തകരാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന ഇവരുടെ പരാതിയില്‍ കഴമ്പില്ലെന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഝാന്‍സി റെയില്‍വേ പൊലീസ് ഡി.എസ്.പി നയീംഖാന്‍ മന്‍സൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ (എസ്.എച്ച്) ഡല്‍ഹി പ്രൊവിന്‍സിലെ നാല് അംഗങ്ങള്‍ക്കെതിരെ 19നാണ് കയ്യേറ്റമുണ്ടായത്. ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ യുപിയിലെ ഝാന്‍സിയില്‍ വച്ചായിരുന്നു സംഭവം. കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന സന്യാസ പഠനാര്‍ഥികളായ രണ്ട് പേരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ ആരോപണം.
എന്നാല്‍, ഇരുവരും 2003 ല്‍ മാമോദീസ സ്വീകരിച്ചവരാണെന്നു സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നു വ്യക്തമായെന്നും മതപരിവര്‍ത്തന ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞുവെന്നും ഡി.എസ്.പി പറഞ്ഞു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഡീഷ സ്വദേശിനികളായ ശ്വേത, ബി. തരംഗ് എന്നീ സന്യാസാര്‍ഥികളെ വീടുകളിലെത്തിക്കാനാണ് സിസ്റ്റര്‍ ലിബിയ തോമസ്, സിസ്റ്റര്‍ ഹേമലത എന്നിവര്‍ ഒപ്പം പോയത്. ഋഷികേശിലെ പഠന ക്യാമ്പില്‍ പങ്കെടുത്ത ശേഷം ഉത്കല്‍ എക്സ്പ്രസില്‍ മടങ്ങുകയായിരുന്നു എബിവിപി പ്രവര്‍ത്തകര്‍. രാത്രി ഏഴിന് ഝാന്‍സി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇവര്‍ ബഹളം വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മതപരിവര്‍ത്തനം ആരോപിച്ചു പൊലീസിലും പരാതിപ്പെട്ടു.
തിരിച്ചറിയല്‍ കാര്‍ഡും മറ്റും കാട്ടിയിട്ടും പൊലീസും ഇവരോടു പുറത്തിറങ്ങാന്‍ ആവശ്യപ്പെടുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. എട്ടു മണിയോടെ റെയില്‍വേ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടര്‍ന്നു ഡല്‍ഹിയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്നു ബന്ധപ്പെട്ട രേഖകള്‍ പൊലീസിനു കൈമാറിയതോടെയാണു രാത്രി 11ന് ഇവരെ വിട്ടയച്ചത്. കന്യാസ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമത്തില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.